ന്യൂഡൽഹി
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകൾ പരിഗണിക്കുന്നതിനായുള്ള സംയുക്ത പാർലമെന്ററി സമിതി (ജെപിസി) രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള പ്രമേയം നിയമമന്ത്രി അർജുൻ റാം മെഘ്‌വാൾ വ്യാഴാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിക്കും. ഇരുസഭയിൽനിന്നും 31 അംഗങ്ങളാണുണ്ടാവുക. ലോക്‌സഭയിൽനിന്ന് 21ഉം രാജ്യസഭയിൽനിന്ന് 10ഉം. ബിജെപിയുടെ പി പി ചൗധരി ചെയര്‍മാനാകും. ബാൻസുരി സ്വരാജ്, അനുരാഗ്‌സിങ് ഠാക്കൂർ തുടങ്ങിയവരും സമിതിയിലുണ്ട്.
കോൺഗ്രസിൽനിന്ന് പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി തുടങ്ങിയവരും പട്ടികയിലുണ്ട്. എൻസിപി ശരദ് പവാറിലെ സുപ്രിയ സുലെയും തൃണമൂൽ കോൺഗ്രസ് പ്രതിനിധിയായി കല്യാൺ ബാനർജിയുമുണ്ട്. രാഷ്ട്രീയപാർടികൾ നിർദേശിക്കുന്ന എംപിമാരെ ഉൾപ്പെടുത്തിയാണ് സ്‌പീക്കറുടെ ഓഫീസ് ജെപിസിക്ക് രൂപം നൽകുന്നത്.
വിട്ടുനിന്നവരിൽ
മോദിയും
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകളുടെ അവതരണവേളയിൽ വിട്ടുനിന്ന ഭരണകക്ഷി എംപിമാർക്കെതിരെ ‘നടപടി’ എടുക്കുന്നതിൽ ബിജെപിയിൽ ആശയക്കുഴപ്പം. നോട്ടീസ് അയക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉന്നയിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭാവത്തെ എങ്ങനെ ന്യായീകരിക്കുമെന്നതാണ് കുഴക്കുന്നത്. സഭയിൽ ഇല്ലാതിരുന്ന മോദിക്ക് എന്തുകൊണ്ട് നോട്ടീസ് അയക്കുന്നില്ലെന്ന ചോദ്യം സ്വഭാവികമായും ഉയരും. മോദിക്ക് പുറമെ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‌കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിങ്, സി ആർ പാട്ടീൽ തുടങ്ങി ഇരുപതോളം ബിജെപി എംപിമാരാണ് വോട്ടിങ് ഘട്ടത്തിൽ സഭയിൽ ഇല്ലാതിരുന്നവർ. ബില്ലവതരണത്തിന് 269 എംപിമാരുടെ പിന്തുണ മാത്രമാണ് ചൊവ്വാഴ്‌ച ലഭിച്ചത്. എല്ലാ അംഗങ്ങളും ഹാജരാകുന്നപക്ഷം ഭരണഘടനാ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ 372 എംപിമാരുടെ പിന്തുണ ആവശ്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..