22 December Sunday
കാണാതായത് ജൂലായ് 16 ന്

ആ ചോദ്യം ഇപ്പോഴും ബാക്കി; അർജുനും ലോറിയും എവിടെ

അമ്പിളി ചന്ദ്രമോഹനൻUpdated: Sunday Sep 22, 2024

അപകടം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും അർജുനും ലോറിയും ഇന്നും കാണാമറയത്ത്. അർജുനെക്കുറിച്ച് ഒരു സൂചനയെങ്കിലും ലഭിക്കാൻ കോഴിക്കോട് ഒരു കുടുംബമാകെ കാത്തിരിപ്പിലാണ്‌. കർണാടക അങ്കോളയിലെ ഷിരൂർ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ നഷ്ടമായത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായിരുന്നു. കനത്ത മഴയെ തുടർന്ന് ജൂലൈ 16ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് സ്വദേശി അർജുനെ കാണാതാകുന്നത്. അന്ന് മുതൽ എന്തെങ്കിലും വിവരം ലഭിക്കുന്നതിനായി അർജുന്റ കുടുംബത്തിനൊപ്പം കേരളവും കാത്തിരിക്കുകയാണ്.

അർജുൻ സഞ്ചരിച്ച ലോറി പുഴയിൽ വീണിട്ടില്ലെന്നായിരുന്നു പ്രാഥമിക സ്ഥിരീകരണം. അപകടത്തിന്റ അടുത്ത ദിവസങ്ങളിൽ നേവി സംഘം ​ഗം​ഗാവലി പുഴയിൽ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ തുടർച്ചയായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. അപകടം നടന്ന് മൂന്ന് ദിവസമായിട്ടും രക്ഷാപ്രവർത്തനം മന്ദ​ഗതിയിലായിരുന്നു. രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.

തെരച്ചിൽ ആരംഭിച്ച ആദ്യ ദിനങ്ങളിൽ മൊബൈൽ ഫോൺ റിങ്ങ് ചെയ്ത ഓരോ നിമിഷവും ആ കുടുംബം മറുതലയ്ക്കൽ അർജുനെ പ്രതീക്ഷിച്ചു. അർജുൻ മടങ്ങി വരുമെന്ന അവരുടെ പ്രതീക്ഷ ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലെ രക്ഷാദൗത്യത്തിലും കാര്യമായ പുരോ​ഗതി കണ്ടെത്താനായില്ല. അപകടവിവരം അറി‍ഞ്ഞ അടുത്ത ദിവസം മുതൽ ലോറി ഉടമ മനാഫ്, സഹോദരൻ അഭിജിത്ത്‌, സഹോദരി ഭർത്താവ്‌ ജിതിൻ എന്നിവരും  ലോറി കണ്ടെത്തുമെന്ന പ്രതീക്ഷയോടെ ദുരന്തസ്ഥലത്തുണ്ടായിരുന്നു.

അർജുനുൾപ്പെടെ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിലിൽ സാധ്യമായ എല്ലാ വഴികളും ഉപയോ​ഗപ്പെടുത്തി പരിശോധന നടത്തമെന്നായിരുന്നു അർജുന്റ കുടുംബത്തിന്റ ആവശ്യം. സൈന്യം, നേവി, എൻഡിആർഎഫ് സംഘങ്ങൾ, ഉത്തരാഖണ്ഡിലും പെട്ടിമുടിയിലും തെരച്ചിലിനിറങ്ങിയ സന്നദ്ധ രക്ഷാ സംഘത്തിലുണ്ടായിരുന്ന രഞ്ജിത് ഇസ്രയേൽ, മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെ എന്നിവരുടെ തെരച്ചിലിൽ അർജുനെയോ, അർജുന്റെ ലോറിയെക്കുറിച്ചോ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല.

അർജുന്റെ കുടുംബം

അർജുന്റെ കുടുംബം

​അർജുൻ ഉൾപ്പെടെ നാല് പേരെ മണ്ണിടിച്ചിലില്‍ കാണാതായിരുന്നു. ഗം​ഗാവലി പുഴയിലെ തെരച്ചിലിൽ പിന്നീട് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് വീണ്ടും പരിശോധനകൾ തുടർന്നെങ്കിലും മറ്റ് തെളിവുകളൊന്നും ലഭിച്ചില്ല. കൂടുതൽ ഉപകരണങ്ങൾ ഉപയോ​ഗിച്ച് വീണ്ടും തെരച്ചിൽ തുടർന്നു.

അർജുനെ കാണാതായി പന്ത്രണ്ടാം നാൾ കുടുംബത്തെയും കേരളത്തെയും ആകെ കണ്ണീരിലാഴ്‌ത്തി കർണാടക അധികൃതർ തെരച്ചിലിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും അർജുന്റെ കുടുംബവും  തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് കർണാടക സർക്കാരിനോട് അഭ്യർഥിച്ചതിനെതുടർന്നാണ് ദക്ഷാദൗത്യം തുടരാൻ തീരുമാനിച്ചത്. ആഗസ്‌ത്‌ 16ന് രക്ഷാദൗത്യം അവസാനിപ്പിക്കുകയും ചെയ്തു.

ലോറി ഉടമ മനാഫ്

ലോറി ഉടമ മനാഫ്

എന്നാൽ കേരളം രക്ഷാദൗത്യത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ആഴത്തിലുള്ള രക്ഷാ ദൗത്യത്തിന് ഡ്രഡ്ജർ ആവശ്യമായിരുന്നു. സെപ്തംബർ 11ന്‌ ഗോവ പോർട്ടിൽനിന്ന് കൂറ്റൻ ഡ്രഡ്ജർ ഷിരൂരിലെത്തിച്ചു. 12നാണ് തെരച്ചിൽ പുനരാരംഭിച്ചത്. ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ തുടർന്നുള്ള തെരച്ചിലിൽ കണ്ടെത്തി. എന്നാൽ ഇത് അർജുന്റെ ലോറിയുടേതല്ല എന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

ഡ്രഡ്ജർ ഉപയോ​ഗിച്ചുള്ള പരിശോധന പുഴയിൽ നടക്കുന്നതിനൊപ്പം മുങ്ങൽ വിദ​ഗ്ധനായ ഈശ്വർ മാൽപെ സമാന്തര തെരച്ചിൽ നടത്തി വരുന്നു. എന്നാൽ കൃത്യമായ അനുമതി നൽകാതെ തെരച്ചിൽ തടസപ്പെടുത്തുന്ന സമീപനമാണ് അധികൃതർക്കെന്ന് മാൽപെ പറഞ്ഞിരുന്നു. മാൽപെയുടെ തെരച്ചിലിൽ ലോഹഭാ​ഗങ്ങളും കയർ കഷ്ണവും, മരത്തടികളും കണ്ടെത്തി.  മണ്ണിടിച്ചിൽ ദുരിത സ്ഥലത്തെയും ​ഗം​ഗാവലി പുഴയിലേയും തെരച്ചിലിൽ നിർണായകമായ പല കണ്ടെത്തലുകളുംലഭിച്ചു. അപ്പോഴും അർജുനും അയാൾ സഞ്ചരിച്ച ലോറിയും എവിടെയെന്ന ചോദ്യം ബാക്കി നിൽക്കുകയാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top