ന്യൂഡൽഹി > ഇന്ത്യയുടെ ഭരണഘടന ശിൽപി ഡോ. ബി ആർ അംബേദ്കറിനെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തിൽ പ്രക്ഷുബ്ധമായാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം സമാപിച്ചത്. പ്രതിഷേധ സൂചകമായി, ലോക്‌സഭാ സ്‌പീക്കറുടെ പതിവ് ചായ സൽക്കാരം ഇന്ത്യാ കൂട്ടായ്‌മ ബഹിഷ്ക്കരിച്ചു.
തങ്ങളുടെ എംപിമാർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യുമ്പോൾ ഇത്തരമൊരു ചായസൽക്കാരത്തിൽ ചേരുന്നതിൽ അർഥമില്ലെന്നും അവർക്ക് സഭയിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.
ബഹളത്തിനിടയിൽ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ സൂക്ഷ്മപരിശോധനയ്ക്കായി 39 അംഗ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് അയയ്ക്കാനുള്ള പ്രമേയം ഇരുസഭകളും അംഗീകരിച്ചു. 20 ദിവസം നീണ്ടു നിന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഉപരിസഭ 43 മണിക്കൂറും 27 മിനിറ്റും മാത്രമാണ് പ്രവർത്തിച്ചതെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ പറഞ്ഞു.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ആദ്യ മിനിറ്റുകളിൽ തന്നെ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. തുടർന്ന് 12 മണിക്ക് പുനരാരംഭിച്ച രാജ്യസഭയും ജെപിസി പ്രമേയത്തിന് പിന്നാലെ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു. സഭ ആരംഭിക്കുന്നതിന് മുമ്പ് ബി ആർ അംബേദ്കറെ അപമാനിച്ചതിന് അമിത് ഷാ മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ വിജയ് ചൗക്കിൽ നിന്ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ രാജ്യസഭയിൽ അംബേദ്കറെക്കുറിച്ച് ഷാ നടത്തിയ പരാമർശത്തെച്ചൊല്ലി പ്രതിപക്ഷവും ബിജെപിയും ഈയാഴ്ച തർക്കത്തിലായിരുന്നു. അദാനി, സംഭൽ , മണിപ്പൂർ എന്നീ വിഷയങ്ങളിൽ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതോടെ ശീതകാല സമ്മേളനം അനിശ്ചിതത്വത്തിലായിരുന്നു.
അംബേദ്‌കർ പരാമർശത്തിൽ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെതുടർന്ന് പാർലമെന്റ് വളപ്പിൽ പ്രതിഷേധത്തിന് വിലക്കേർപ്പെടുത്തി ലോക്സഭാ സ്പീക്കർ ഓം ബിർള ഉത്തരവിറക്കി. ഇതേ തുടർന്ന് പ്രതിപക്ഷ എംപിമാർ പാർലമെന്റിന് പുറത്തും പ്രതിഷേധം മാർച്ച് സംഘടിപ്പിച്ചു. കവാടത്തിലോ പരിസരത്തോ പ്രകടനമോ പ്രതിഷേധമോ സംഘടിപ്പിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ശേഷം സഭ അനിശ്‌ചിതകാലത്തേക്ക് പിരിയുന്നതായി സ്‌പീക്കർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..