21 November Thursday

കേന്ദ്രത്തിന്റെ ‘ഫാക്ട്‌ ചെക്കിങ്’ ഭരണഘടനാവിരുദ്ധം; കോടതിവിധി സ്വാഗതം ചെയ്‌ത്‌ പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

മുംബൈ> സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ‘വ്യജ വാർത്തകൾ കണ്ടെത്തി’ നടപടിയെടുക്കുന്നതിനെന്ന പേരിൽ കേന്ദ്രസർക്കാർ രൂപീകരിച്ച ഫാക്ട്‌ ചെക്ക്‌ യൂണിറ്റ്‌ ഭരണഘടനാ വിരുദ്ധമാണെന്ന ബോംബെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത്‌ പ്രതിപക്ഷ കക്ഷികൾ. ഫാക്ട്‌ ചെക്ക്‌ യൂണിറ്റ്‌ രൂപീകരിക്കാനായി ഐടി ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയും കോടതി റദ്ദാക്കി.  

മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കുന്ന മോദി സർക്കാരിന്റെ ദുഷിച്ച നീക്കം തടഞ്ഞ  കോടതിവിധിയെ സ്വാഗതം ചെയ്യുന്നെന്ന് സിപിഐ എം സമൂഹമാധ്യമമായ എക്‌സിൽ കുറിഞ്ഞു. ഹൈക്കോടതി വിധി പൂർണ്ണമായും ശരിയാണെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ജയ്‌റാം രമേശ്‌ പ്രതികരിച്ചു.

ഐടി ചട്ടങ്ങളുടെ ഭേദഗതി ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ ജഡ്ജിമാരായ ജി എസ് പട്ടേൽ, നീല ഗോഖലെ എന്നിവർ ഭിന്നവിധിയാണ് പ്രസ്താവിച്ചിരുന്നത്. ഇതേ തുടർന്ന് ജസ്റ്റിസ് അതുൽ എസ് ചന്ദ്രുക്കറിനെ കേസിലെ "ടൈബ്രേക്കർ ജഡ്ജി'യായി നിയമിക്കുകയായിരുന്നു. ഐടി ചട്ടങ്ങളിൽ 2023-ൽ കൊണ്ടുവന്ന ഭേദഗതി ഭരണഘടനയുടെ 14, 19 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ജസ്റ്റിസ് അതുൽ എസ് ചന്ദ്രുക്കർ വിധിച്ചു. പുതിയ ചട്ടങ്ങൾ തുല്യതയ്‌ക്കും തൊഴിലെടുക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നിരക്കുന്നതല്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. മോദി സർക്കാരിന്‌ കനത്ത തിരിച്ചടിയാണ്‌ കോടതി വിധി.

കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതാപരിശോധനയ്ക്കാണ് ഐടി ചട്ടങ്ങൾ 2023-ൽ ഭേദഗതി വരുത്തി ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യാജമെന്നു ‘കണ്ടെത്തിയാൽ’ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യേണ്ട സ്ഥിതിയുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top