20 September Friday

ലബനനിലെ സ്ഫോടന പരമ്പര ; ഇസ്രയേലിന്റേത് യുദ്ധപ്രഖ്യാപനം : ഹിസ്‌ബുള്ള

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024


ബെയ്‌റൂട്ട്‌
ലബനനിലെ മുഴുവൻ ജനങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണ്‌ ഇസ്രയേലിന്റെ ഭീകരാക്രമണങ്ങളെന്ന്‌ ഇറാന്റെ പിന്തുണയുള്ള സായുധസംഘം ഹിസ്‌ബുള്ളയുടെ തലവൻ ഹസ്സൻ നസറള്ള. ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയാണ്‌ ഇസ്രയേൽ. ഇസ്രയേലിന്റെ ക്രൂരകൃത്യങ്ങളെ ശക്തമായി പ്രതിരോധിക്കും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി യോവ്‌ ഗാലന്റും ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ നടപ്പാകാൻപോകുന്നില്ല. പലസ്‌തീനിൽനിന്ന്‌ യുദ്ധം അവസാനിപ്പിച്ച്‌ പിൻവാങ്ങുക മാത്രമാണ്‌ അവർക്ക്‌ മുന്നിലുള്ള ഏക പോംവഴി.  പലസ്‌തീനുള്ള പിന്തുണ ഹിസ്‌ബുള്ള ഇനിയും തുടരുമെന്നും ടെലിവിഷനിൽ രാജ്യത്തോട്‌ നടത്തിയ അഭിസംബോധനയിൽ അദ്ദേഹം പറഞ്ഞു.

ലബനനന്റെ പരാമാധികാരത്തില്‍ കടന്നുകയറി നടത്തിയ സ്‌ഫോടന പരമ്പരയെ രാജ്യത്തോടുള്ള യുദ്ധപ്രഖ്യാപനമായേ കാണാനാകൂ. ഇപ്പോഴത്തെ ആക്രമണങ്ങൾക്ക്‌ ഇസ്രയേൽ കനത്ത വില നൽകേണ്ടിവരും. ഇസ്രയേൽ സർവസീമകളും ലംഘിച്ചു. ഗാസയില്‍ ഇസ്രയേൽ നടത്തുന്ന ക്രൂരമായ നരവേട്ട അവസാനിപ്പിക്കുംവരെ ഹിസ്‌ബുള്ള ഇപ്പോഴത്തെ ഉദ്യമത്തിൽനിന്ന്‌ പിന്തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വാക്കി ടോക്കി ഉറവിടവും ദുരൂഹം
ലബനനിൽ പൊട്ടിത്തെറിച്ച പേജറുകളുടെ ഉറവിടത്തിലെന്നപോലെ വാക്കി ടോക്കിയുടെ ഉറവിടവും ദുരൂഹം. പൊട്ടിത്തെറിച്ച വാക്കി ടോക്കികളില്‍ ‘ഐകോം’ എന്ന ജാപ്പനീസ് കമ്പനിയുടെ ലോഗോ ആണുള്ളത്.ഐസിവി 82 എന്നാണ്‌ മോഡലിന്റെ പേര്‌.    2004 മുതൽ 2014 ഒക്‌ടോബർവരെ ഉത്‌പ്പാദിപ്പിച്ച് കയറ്റുമതി ചെയ്ത ഹാൻഡ്‌ഹെൽഡ് റേഡിയോയാണ് ഐസിവി 82 മോഡലെന്നും പത്ത്‌ വർഷംമുമ്പ്‌ ഇതിന്റെ ഉത്‌പാദനം നിർത്തിയെന്നുമാണ്‌ ഒസാക്കയിലെ ഐകോം കമ്പനി അറിയിച്ചു.ഹിസ്‌ബുള്ള തയ്‌വാനിൽനിന്ന്‌ വാങ്ങിയ പേജറുകളാണ്‌ ആദ്യം പൊട്ടിത്തെറിച്ചത്‌. പേജർ തങ്ങളുടെ പേരിൽ  ഹംഗറിയിലെ ബിഎസി കൺസൽട്ടിങ് എന്ന കമ്പനിയാണ് നിർമിച്ചതെന്ന് തയ്‍വാൻ കമ്പനിയായ ഗോൾഡ്‌ അപ്പോളോ അറിയിച്ചിരുന്നു.

മൊസാദ്‌ ഒരുക്കം നേരത്തെ തുടങ്ങി
ഇറാനിന്റെ പിന്തുണയുള്ള സായുധ സംഘമായ ഹിസ്‌ബുള്ളയുടെ ഓരോ നീക്കങ്ങളും ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ നിരീക്ഷണ വലയത്തിലാണെന്ന വസ്‌തുതകൂടിയാണ്‌ ലബനനിലെ സ്‌ഫോടന പരമ്പരയിൽ തെളിയുന്നത്‌. ഹിസ്‌ബുള്ള പേജറുകളും വാക്കി ടോക്കികളും വാങ്ങാൻ ആസൂത്രണം ചെയ്യുന്ന ഘട്ടത്തിൽതന്നെ വിവരം രഹസ്യമായി അറിഞ്ഞ്‌ സ്‌ഫോടനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായാണ്‌ നിഗമനം. സ്‌മാർട്ട്‌ഫോണുകൾ ഒഴിവാക്കി പേജറുകളിലേക്കും വാക്കി ടോക്കികളിലേക്കും മാറുന്നതും ഉപകരണങ്ങൾ വാങ്ങാൻ വിദേശ കമ്പനികളെ സമീപിച്ചതുമുൾപ്പടെയുള്ള വിവരങ്ങൾ മൊസാദിന്‌ ലഭിച്ചിരുന്നതായാണ്‌ റിപ്പോർട്ടുകൾ. ലബനന്റെ അഭ്യർഥനയെത്തുടർന്ന്‌ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനായി വെള്ളിയാഴ്‌ച യുഎൻ രക്ഷാ കൗൺസിൽ യോഗം ചേരും

ഗാസയിൽ ആക്രമണം 
തുടരുന്നു; മരണം  41,272 ആയി
ലബനനെതിരായ ആക്രമണം തുടരുന്നതിനിടെ ഗാസയിലും ഇസ്രയേൽ സേനയുടെ ആക്രമണം. ജബലിയയിൽ ഒരു വീടിനുനേരെ നടന്ന ആക്രമണത്തിൽ ആറ്‌ പേരും അധിനിവേശ വെസ്‌റ്റ്‌ബാങ്കിൽ നടന്ന ആക്രമണത്തിൽ മൂന്ന്‌ പേരും കൊല്ലപ്പെട്ടു. ഒക്‌ടോബർ ഏഴിനുശേഷം 41,272 പലസ്‌തീൻ സ്വദേശികളാണ്‌ കൊല്ലപ്പെട്ടത്‌. ഇതിൽ 16400 പേർ കുട്ടികളാണ്‌.  95551 പേർക്ക്‌ പരിക്കേറ്റു. അധിനിവേശ വെസ്‌റ്റ്‌ബാങ്കിൽ മാത്രം 10700 പേരെ ഇസ്രയേൽ സേന തടങ്കലിലാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top