ന്യൂഡല്‍ഹി> പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്‍പായി അംഗങ്ങള്‍ക്കുള്ള പെരുമാറ്റചട്ടങ്ങൾ ഓര്‍മിപ്പിച്ച് രാജ്യസഭാ ബുള്ളറ്റിന്‍. സഭയ്ക്ക് അകത്തോ പുറത്തോ ജയ് ഹിന്ദ്, വന്ദേമാതരം തുടങ്ങിയ ഒരു മുദ്രാവാക്യവും വിളിക്കരുതെന്നും എല്ലാവരും ചെയറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ബുള്ളറ്റിനിൽ പറഞ്ഞു. ഈ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഒരംഗവും പ്രവര്‍ത്തിക്കരുത് . ജൂലൈ പതിനഞ്ചിനാണ് രാജ്യസഭാ ബുള്ളറ്റിൻ പുറത്തിറക്കിയത്.
തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനം ആഗസ്ത് 12 ന് അവസാനിക്കും. അംഗങ്ങളെല്ലാവരും പാര്‍ലമെന്ററി മര്യാദകള്‍ പാലിക്കണമെന്നും അണ്‍പാര്‍ലമെന്ററി പദപ്രയോഗങ്ങള്‍ ഒഴിവാക്കണണെമെന്നും നിര്‍ദേശിച്ചു.
പാര്‍ലമെന്ററി വിരുദ്ധമാണെന്ന് ചെയര്‍ അഭിപ്രായപ്പെടുന്ന വാക്കുകളും പദപ്രയോഗങ്ങളും യാതൊരു ചര്‍ച്ചയും നടത്താതെ പിന്‍വലിക്കും. ഒരോ അംഗവും സഭയിലേക്ക് വരുമ്പോഴും പുറത്തേക്ക് പോകുമ്പോഴും ചെയറിനെ വണങ്ങണം. അംഗങ്ങൾ മറ്റൊരു അംഗത്തെയോ മന്ത്രിയെയോ വിമര്‍ശിച്ചാല്‍ അതിന്റെ മറുപടി കേള്‍ക്കാന്‍ വിമര്‍ശകന്‍ സഭയില്‍ ഉണ്ടായിരിക്കണമെന്നും അല്ലാത്ത പക്ഷം അത് പാര്‍ലമെന്റ് ചട്ടത്തിന് വിരുദ്ധമാണെന്നും നിര്‍ദേശത്തില്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..