22 November Friday

പാര്‍ലമെന്റ് സമ്മേളനം ഇന്നുമുതൽ: സഭയിലും ചോദ്യങ്ങളുയരും

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

ന്യൂഡൽഹി > രാജ്യത്തെ ലക്ഷക്കണക്കിന്‌ വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കിയ നീറ്റ്‌ ചോദ്യപേപ്പർ കുംഭകോണം സംബന്ധിച്ച ചർച്ചകൾ തിങ്കളാഴ്‌ച തുടങ്ങുന്ന പാർലമെന്റ്‌ സമ്മേളനത്തിൽ പ്രതിപക്ഷം  ഉയർത്തും. സമ്മേളനത്തിന്‌ മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പരീക്ഷാക്രമക്കേട്‌, കശ്‌മീർ, മണിപ്പുർ, അഗ്‌നിപഥ്‌, തൊഴിലില്ലായ്‌മ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടു. കൻവർ യാത്രയെ വർഗീയ യാത്രയാക്കി മാറ്റാനുള്ള യുപിയിലെ ബിജെപി സർക്കാർ നീക്കത്തിനെതിരെയും യോഗത്തിൽ പ്രതിപക്ഷം ആഞ്ഞടിച്ചു.

ബിഹാറിന് പ്രത്യേക പദവി അനുവദിക്കണമെന്ന്‌ എൻഡിഎ ഘടകകക്ഷിയായ ജെഡിയു യോഗത്തിൽ ആവശ്യപ്പെട്ടു. ആന്ധ്രാപ്രദേശിന്‌ പ്രത്യേക പദവി വേണമെന്ന്‌ വൈഎസ്‌ആർസിപിയും ഒഡിഷയ്‌ക്ക്‌ പ്രത്യേക പദവി വേണമെന്ന്‌ ബിജെഡിയും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്‌ ഡെപ്യൂട്ടി സ്‌പീക്കർസ്ഥാനം അനുവദിക്കണമെന്ന ആവശ്യം കോൺഗ്രസ്‌ മുന്നോട്ടുവച്ചു.
  
കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ പാർടികളെ വേട്ടയാടുന്നത്‌ അവസാനിപ്പിക്കണമെന്നും ഇക്കാര്യം ഗൗരവത്തിൽ ചർച്ച ചെയ്യണമെന്നും എഎപിയുടെ സഞ്‌ജയ്‌ സിങ്‌ ആവശ്യപ്പെട്ടു. കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും ഫണ്ടുകൾ തടഞ്ഞുവെയ്‌ക്കുകയാണെന്നും ഡിഎംകെയുടെ ടി ആർ ബാലു ചൂണ്ടിക്കാട്ടി.
കൻവർ യാത്രയെ വർഗീയവത്‌കരിക്കാനുള്ള യുപിയിലെ ബിജെപി സർക്കാരിന്റെ നീക്കത്തെ എസ്‌പി നേതാവ്‌ രാംഗോപാൽ യാദവ്‌ നിശിതമായി വിമർശിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന്‌ യോഗത്തിൽ അധ്യക്ഷനായ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top