26 December Thursday

അദാനി അഴിമതിയിൽ സ്‌തംഭിച്ച്‌ പാർലമെന്റ്‌ ; ശീതകാല സമ്മേളനത്തിന് തുടക്കം

സ്വന്തം ലേഖകൻUpdated: Tuesday Nov 26, 2024


ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചങ്ങാതി ​ഗൗതം അദാനിക്കെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷ പാർടികൾ പ്രതിഷേധം ഉയർത്തിയതോടെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസംതന്നെ പാർലമെന്റ്‌ പ്രക്ഷുബ്‌ധമായി. വരുംദിവസങ്ങളിലും അദാനി വിഷയം ഉയർത്തുമെന്ന്‌ പ്രതിപക്ഷം വ്യക്തമാക്കി.

അന്തരിച്ച രണ്ട്‌ സിറ്റിങ്‌ എംപിമാർക്കും മൂന്ന്‌ മുൻ എംപിമാർക്കും അനുശോചനം അർപ്പിച്ചുകൊണ്ടാണ്‌ ലോക്‌സഭാ നടപടി ആരംഭിച്ചത്‌. മുൻ എംപിമാരായ എം എം ലോറൻസ്‌, എം പാർവതി, ഹരീഷ്‌ചന്ദ്ര ചവാൻ, സിറ്റിങ്‌ എംപിമാരായ വസന്ത്‌ ചവാൻ (നാന്ദേഡ്‌), എസ്‌ കെ നൂറുൾ ഇസ്ലാം (ബാസിര്‍ഹാട്ട്‌) എന്നിവർക്കാണ്‌ അനുശോചനം അർപ്പിച്ചത്‌. തുടർന്ന്‌ പകൽ 12 വരെ സഭാനടപടി നിർത്തിവെച്ചു. വീണ്ടും ചേർന്നപ്പോൾ തന്നെ അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷാംഗങ്ങൾ രംഗത്തുവന്നു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ സഭ ബുധനാഴ്‌ച ചേരുന്നതിനായി പിരിഞ്ഞു. ഭരണഘടന അംഗീകരിച്ചതിന്റെ വാർഷിക ദിനമായ ചൊവ്വാഴ്‌ച ഇരുസഭകളും സമ്മേളിക്കില്ല.

രാജ്യസഭയിലും അദാനി വിഷയം ഉയർത്തി പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു. ഇതോടെ 11.45 വരെ സഭ നിർത്തിവെച്ചു. തുടർന്ന്‌ ചേർന്നപ്പോഴും പ്രതിഷേധം തുടർന്നതോടെ രാജ്യസഭയും പിരിഞ്ഞു. പാർലമെന്റ്‌ സമ്മേളിക്കുന്നതിന്‌ മുമ്പായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോൽക്കുന്ന പ്രതിപക്ഷം എന്നാൽ പാർലമെന്റ്‌ തുടർച്ചയായി സ്‌തംഭിപ്പിക്കുകയാണെന്ന്‌ മോദി പറഞ്ഞു.
അദാനിക്കെതിരായ അഴിമതി ആക്ഷേപത്തെ കുറിച്ച്‌ പ്രതികരിക്കാൻ മോദി കൂട്ടാക്കിയില്ല.

വഖഫ്‌ ബിൽ:
ജെപിസി കാലാവധി നീട്ടണമെന്ന്‌  
പ്രതിപക്ഷാംഗങ്ങൾ
വഖഫ്‌ ഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) കാലാവധി നീട്ടണമെന്ന്‌ സമിതിയിലെ പ്രതിപക്ഷാംഗങ്ങൾ സ്‌പീക്കർ ഓം ബിർളയോട്‌ ആവശ്യപ്പെട്ടു. സുപ്രധാന ബില്ലായതിനാൽ വിശദമായ പരിശോധന ആവശ്യമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ആവശ്യം മുന്നോട്ടുവെച്ചത്‌. ഈയാഴ്‌ച  ജെപിസി റിപ്പോർട്ട്‌ വാങ്ങി അടുത്തയാഴ്‌ച ബിൽ പാർലമെന്റിൽ കൊണ്ടുവരാനാണ്‌ സർക്കാർ നീക്കം. ജെപിസിയുടെ അധ്യക്ഷനായ ജഗദംബികാപാൽ നടപടിക്രമങ്ങളുമായി വേഗത്തിൽ നീങ്ങുകയാണെന്ന്‌ പ്രതിപക്ഷാംഗങ്ങൾ സ്‌പീക്കറോട്‌ പറഞ്ഞു. വിശദമായ ചർച്ചയ്‌ക്ക്‌ അവസരം നൽകുന്നില്ലെന്ന്‌ പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി.

വഖഫ്‌ ബോർഡ്‌ അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്യുമെന്ന വ്യവസ്ഥയാണ്‌ ബില്ലിലെ പ്രധാന ഭേദഗതി. ബോർഡിന്റെ സിഇഒ മുസ്ലിമായിരിക്കണമെന്ന നിർബന്ധമുണ്ടാവില്ല. സർക്കാർ പ്രതിനിധികളെയും ബോർഡിൽ ഉൾപ്പെടുത്തും. ഇവരും മുസ്ലിങ്ങളായിരിക്കണമെന്ന്‌ നിർബന്ധമില്ല.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top