ന്യൂഡൽഹി
ഡോ. ബി ആർ അംബേദ്‌കറെ അവഹേളിച്ച ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിൽ ആളിക്കത്തിയ പാർലമെന്റിന്റെ ശീതകാല സമ്മേളനം സമാപിച്ചു. അവസാനദിവസമായ വെള്ളിയാഴ്‌ചയും പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പാർടികൾ വൻ പ്രതിഷേധമുയർത്തി. ഇരുസഭയിലും നടപടികൾ പൂർണമായും തടസ്സപ്പെട്ടു. വ്യാഴാഴ്‌ച പ്രതിപക്ഷത്തെ കായികമായി നേരിട്ട ബിജെപി എംപിമാർ വെള്ളിയാഴ്‌ച പ്രശ്‌നങ്ങൾക്ക് മുതിർന്നില്ല. അധിക്ഷേപ പരാമർശത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ഉണ്ടായതോടെ ബിജെപി പൂർണമായും പ്രതിരോധത്തിലായി.
പാർലമെന്റിന് മുന്നിൽ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർടികൾ പ്രതിഷേധിച്ചു. അമിത് ഷാ മാപ്പുപറയുക, രാജിവെയ്‌ക്കുക എന്നെഴുതിയ പ്ലക്കാർഡുകളും ഉയർത്തി. സഭയ്‌ക്കുള്ളിലും എംപിമാർ പ്രതിഷേധിച്ചു. ലോക്‌സഭ ചേർന്നപ്പോൾ ചോദ്യോത്തരവേളയിലേക്ക് കടക്കുന്നതിന് പകരം ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകൾ ജെപിസിക്ക് വിട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കാൻ നിയമമന്ത്രി അർജുൻറാം മെഘ്‌വാളിനെ സ്‌പീക്കർ ഓം ബിർള ക്ഷണിച്ചു. പ്രതിഷേധത്തിനിടെ മെഘ്‌വാൾ പ്രമേയം അവതരിപ്പിച്ചു. ശബ്‌ദവോട്ടോടെ പ്രമേയം അംഗീകരിക്കപ്പെട്ടുവെന്ന് സ്‌പീക്കർ അറിയിച്ചു. പാർലമെന്റ് കവാടത്തിലോ പരിസരത്തോ പ്രകടനമോ പ്രതിഷേധമോ സംഘടിപ്പിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയശേഷം സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്‌പീക്കർ അറിയിച്ചു.
രാജ്യസഭയിലും പ്രതിഷേധം തുടർന്നതോടെ 12 മണി വരെ സഭ നിർത്തി. തുടർന്ന് ചേർന്നപ്പോൾ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകൾ പഠിക്കുന്നതിനുള്ള ജെപിസി രൂപീകരണ പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചു. തുടർന്ന് രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..