16 November Saturday
"ഉദ്യോഗസ്ഥർക്ക്‌ 
പണമുണ്ടാക്കാനുള്ള
 മാർഗം'

ബിഹാറിലെ മദ്യനിരോധനം 
പിന്തിരിപ്പൻ നടപടി: പട്‌ന ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024


ന്യൂഡൽഹി
ബിഹാർ സർക്കാരിന്റെ മദ്യനിരോധന നയം അനധികൃത മദ്യവ്യാപാരവും മറ്റ്‌ നിയമവിരുദ്ധ വസ്‌തുക്കളുടെ വിപണനവും തഴച്ചുവളരാനും സർക്കാർ ഉദ്യോഗസ്ഥർക്ക്‌ വൻതോതിൽ പണം സമ്പാദിക്കാനുമാണ്‌ ഇടയാക്കിയതെന്ന്‌ പട്‌ന ഹൈക്കോടതി. 2016ലെ മദ്യനിരോധന നിയമം സംസ്ഥാനത്ത്‌ ശരിയായ രീതിയിൽ നടപ്പാക്കാൻ സർക്കാരിന്‌ കഴിയുന്നില്ലെന്ന്‌ ജസ്റ്റിസ്‌ പൂർണേന്ദു സിങ്‌ ഉത്തരവിൽ പറഞ്ഞു. 2020 നവംബറിൽ പട്‌ന ബൈപാസ്‌ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ എക്‌സൈസ്‌ വകുപ്പ്‌ നടത്തിയ റെയ്‌ഡിൽ വ്യാജമദ്യം കണ്ടെത്തിയതിനെതുടർന്ന്‌ പൊലീസ്‌ ഇൻസ്‌പെക്ടറായിരുന്ന മുകേഷ്‌ കുമാർ പാസ്വാനെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. പാസ്വാന്റെ ഹർജിയിൽ സസ്‌പെൻഷൻ റദ്ദാക്കിയാണ്‌ ഹൈക്കോടതി ഉത്തരവ്‌.

മദ്യരാജാക്കന്മാർക്കും മാഫിയ സംഘങ്ങൾക്കും എതിരായി കാര്യമായ കേസുകൾ എടുക്കുന്നില്ലെന്ന്‌ ഹൈക്കോടതി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരാണ്‌ കേസുകളിൽ കുടുങ്ങുന്നത്‌. പൊലീസ്‌–-എക്‌സൈസ്‌ ഉദ്യോഗസ്ഥർ മാത്രമല്ല, നികുതി, ഗതാഗത വകുപ്പുകളിലെ ഉദ്യോഗസ്ഥരും മദ്യനിരോധനം ഇഷ്ടപ്പെടുന്നു. വൻതോതിൽ പണം സമ്പാദിക്കാനുള്ള മാർഗമാണ്‌–- ഹൈക്കോടതി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top