ന്യൂഡൽഹി
ചാരസോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് വാട്‌സാപ് ഉപയോക്താക്കളുടെ വിവരം ചോർത്തിയെന്ന കേസിൽ ഇസ്രയേൽ കമ്പനി എൻഎസ്‌ഒ കുറ്റക്കാരാണെന്ന അമേരിക്കൻ കോടതിവിധി കേന്ദ്ര സർക്കാരിനും പ്രഹരം. 2019ൽ വാട്‌സ്‌ആപ്പ് നൽകിയ പരാതിയിലാണ് കലിഫോർണിയയിലെ ഓക്‌ലൻഡ് ജില്ലാ കോടതിയുടെ വിധി. ഇന്ത്യയിലെ പ്രതിപക്ഷ പാർടി നേതാക്കളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ നിരവധിപേരുടെ ഫോണുകൾ ചോർത്താൻ പൊഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചെന്ന ആരോപണം ഇതോടെ വീണ്ടും ചർച്ചയായി.
ഇന്ത്യയിലെ പെഗാസസ് കേസിൽ കേന്ദ്ര സർക്കാർ ഉരുണ്ടുകളിക്കുകയാണ് ചെയ്‌തത്. ചാരസോഫ്‌റ്റ്‌വെയർ വാങ്ങിയെന്നോ ഇല്ലന്നോ കേന്ദ്രം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവാദത്തിന്റെ ചുരുളഴിക്കാൻ ജസ്‌റ്റിസ് എൻ വി രമണ ചീഫ് ജസ്‌റ്റിസ് ആയിരിക്കേ 2021 ഒക്‌ടോബറിൽ സാങ്കേതിക സമിതിയെ നിയമിച്ച് അന്വേഷണം നടത്തിയിരുന്നു. സമിതി പരിശോധിച്ച അഞ്ച് ഫോണുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും പെഗാസാസ് ആണോയെന്ന് സ്ഥിരീകരിക്കാനാവാതെ അവസാനിപ്പിക്കേണ്ടിവന്നു.
കേന്ദ്രം ഒരുഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്ന് തുറന്നകോടതിയിൽ ചീഫ് ജസ്‌റ്റിസ് വിമർശിച്ചിരുന്നു. സത്യം തെളിയരുതെന്ന കേന്ദ്രത്തിന്റെ പിടിവാശിയാണ് അന്വേഷണത്തെ വഴിമുട്ടിച്ചതെന്ന് ആക്ഷേപവും ഉയർന്നു. അന്വേഷണ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല. പെഗാഗസ് വിഷയം കൈകാര്യം ചെയ്യുന്നതിൽ സമിതിയിലെ ആർക്കും മുൻകാല പരിചയമില്ലാത്തത്, കണ്ടെത്തിയ വൈറസിന്റെ സ്വഭാവം നിർണയിക്കാനോ തിരിച്ചറിയാനോ കേന്ദ്രത്തിന്റെ പേറ്റന്റ് ഓഫീസിൽ രേഖകളില്ലാതിരുന്നത് തുടങ്ങിയവയും തിരിച്ചടിയായി.
വേണം കുറ്റമറ്റ
തുടരന്വേഷണം
യുഎസ് കോടതിവിധിയുടെ പശ്ചാത്തലത്തിൽ വിദഗ്‌ധരടങ്ങിയ സാങ്കേതിക സമിതിയെ നിശ്ചയിച്ച് കുറ്റമറ്റ അന്വേഷണത്തിന് സുപ്രീം കോടതി നിർദേശിച്ചാൽ സത്യത്തിലേക്ക് വഴിതുറന്നേക്കും. പെഗാസസ് ഇടപാടിൽ പങ്കെടുത്തെന്ന് ആക്ഷേപമുള്ള ഉന്നത ഉദ്യോഗസ്ഥർ, മുൻ ഇന്റലിജൻസ് മേധാവികൾ എന്നിവരോട് സത്യവാങ്‌മൂലവും ആവശ്യപ്പെടാം. പെഗാസസ് സാന്നിധ്യം വിജയകരമായി കണ്ടെത്തിയ സിറ്റിസൺസ് ലാബിന്റെ സഹായവും തേടാം. പെഗാസസ് വിഷയത്തിൽ ദേശീയസുരക്ഷയെന്ന വാദം വിലപ്പോവില്ലെന്ന് 2022ൽ സുപ്രീംകോടതിതന്നെ വ്യക്തമാക്കിയതിനാൽ കേന്ദ്രം സത്യംപറയാൻ നിർബന്ധിതമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..