പുണെ > വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്‌കറിന്റെ അമ്മ മനോരമ ഖേദ്‌കർ ഉപയോഗിച്ചിരുന്ന തോക്കും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തു. പുണെയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഒരു തോക്കും മൂന്ന് വെടിയുണ്ടകളും പിടിച്ചെടുത്തത്. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മനോരമ തോക്ക് കാട്ടി കർഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്‌ചയാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. മനോരമ ഖേദ്‌കർ അയൽക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്നതിനിടയിൽ ഒരാളുടെ മുഖത്ത് പിസ്റ്റൾ വീശി ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം.
മഹാരാഷ്‌ട്ര സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനായ പൂജയുടെ പിതാവ് ദിലീപ് ഖേദ്‌കർ വാങ്ങിയ ഭൂമിയെച്ചൊല്ലിയാണ് തർക്കം. ഖേദ്‌കർ അയൽ കർഷകരുടെ ഭൂമി കൈയേറിയതായി പ്രദേശവാസികൾ അവകാശപ്പെട്ടിരുന്നു. ഇതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെയാണ് മനോരമ കർഷകർക്ക് നേരെ തോക്ക് ചൂണ്ടി ആക്രോശിച്ചത്.
അറസ്റ്റ് ചെയ്‌ത മനോരമയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. മനോരമ 24 വർഷമായി തോക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഇതുവരെ അനധികൃതമായി ഉപയോഗിച്ചിട്ടില്ലെന്നുമാണ് മനോരമയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. കോടതിയിൽ തോക്ക് ഹാജരാക്കാമെന്നും ഇവർ അറിയിച്ചിരുന്നു. ഇതിനിടെയാണ് മനോരമയുടെ വീട്ടിൽ നിന്നും തോക്കും വെടിയുണ്ടകളും കണ്ടെത്തിയത്. തോക്കിന് ലൈസൻസ് ഉണ്ടോ എന്നതടക്കമുള്ള പരിശോധനകൾ നടക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..