ന്യൂഡൽഹി
മസ്‌ജിദുകളിൽ അവകാശവാദമുന്നയിച്ച് അസ്വസ്ഥത പടർത്താനുള്ള സംഘപരിവാർ ശ്രമങ്ങൾക്ക് തിരിച്ചടിയായി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ആരാധനാലയങ്ങളിൽ അവകാശം ഉന്നയിച്ച് പുതിയ ഹർജികളൊന്നും കീഴ്‌ക്കോടതികൾ സ്വീകരിക്കരുതെന്നും നിലവിലുള്ള കേസുകളിൽ സർവേ അനുവദിക്കുന്നതടക്കം ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കരുതെന്നും നിർദേശിച്ചു. സുപ്രീംകോടതി തീർപ്പ് കൽപ്പിക്കുംവരെയാണ് പ്രാബല്യം. 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ സാധുത ചോദ്യംചെയ്‌ത് ബിജെപി നേതാക്കൾ നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി വി സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റെ നിർണായക ഇടപെടൽ.
ഉത്തർപ്രദേശിലെ വാരാണസി ജ്ഞാൻവാപി മസ്‌ജിദ്, മഥുര ഷാഹി ഈദ്‌ഗാഹ്, സംഭൽ ഷാഹി ജുമാ മസ്‌ജിദ്, രാജസ്ഥാനിലെ അജ്‌മീർ ദർഗ തുടങ്ങി സംഘപരിവാർ അവകാശവാദമുന്നയിച്ച മസ്‌ജിദുകളിൽ സർവേ അടക്കമുള്ള നീക്കങ്ങൾക്ക് ഇതോടെ വിലക്കുവീണു. നാലാഴ്‌ചയ്‌ക്കകം എതിർസത്യവാങ്‌മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. പലതവണ സമയം നീട്ടി നൽകിയിട്ടും കേന്ദ്രം സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നില്ല. കേസ് നാലാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കും. ആരാധനാലയ സംരക്ഷണ നിയമത്തിന്റെ മൂന്ന്, നാല് വകുപ്പുകളിൽ വിശദപരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിൽ കക്ഷികൾക്ക് നോഡൽ ഓഫീസർമാരെയും അനുവദിച്ചു. രാജ്യത്തെ 10 മസ്‌ജിദുകൾക്കെതിരായി 18 ഹർജികളാണ് വിവിധ കോടതികളിൽ നിലവിലുള്ളത്.
രാജ്യത്തെ ആരാധനാലയങ്ങളുടെ 1947 ആഗസ്‌ത് 15ലെ സ്ഥിതി സംരക്ഷിക്കാൻ വ്യവസ്ഥ ചെയ്‌തിട്ടുള്ളതാണ് ആരാധനാലയ സംരക്ഷണ നിയമം(1991). സെക്‌ഷൻ മൂന്ന് പ്രകാരം ഒരു മതവിഭാഗത്തിന്റെ ആരാധനാലയം അതേ മതത്തിലെ മറ്റൊരു വിഭാഗത്തിന്റേതോ അല്ലെങ്കിൽ മറ്റൊരു മതത്തിന്റേതോ ആക്കി മാറ്റാനാവില്ല. മതപരമായ സ്വഭാവം ഭാവിയിലും മാറ്റം കൂടാതെ തുടരുമെന്ന് സെക്‌ഷൻ നാല് വ്യവസ്ഥ ചെയ്യുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..