13 December Friday
കേന്ദ്രനിലപാട് നിര്‍ണായകം

ആരാധനാലയ നിയമം ; സുപ്രീംകോടതി 
ഇടപെടൽ ആശ്വാസം

പ്രത്യേക ലേഖകൻUpdated: Friday Dec 13, 2024


ന്യൂഡൽഹി
ആരാധനാലയങ്ങളുടെ പേരിൽ രാജ്യത്ത്‌ തർക്കവും വിദ്വേഷവും പടർത്താനുള്ള സംഘപരിവാർ നീക്കത്തിന്‌ താൽക്കാലിക തിരിച്ചടിയായി സുപ്രീംകോടതി ഇടപെടൽ. കീഴ്‌കോടതികളിൽ ആരാധനാലയ നിയമത്തിനെതിരായ നടപടികൾ വിലക്കിയ കോടതി നിർദേശം മതനിരപേക്ഷ, ജനാധിപത്യ വാദികൾക്ക്‌ ആശ്വാസകരവുമാണ്‌. അതേസമയം, ഭാവിനടപടികളിൽ കേന്ദ്രസർക്കാർ നിലപാട്‌ നിർണായകമാവും. ‘ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കണമെന്ന്‌’ ആവശ്യപ്പെട്ട്‌ വിഎച്ച്‌പി സംഘടിപ്പിച്ച യോഗത്തിൽ കേന്ദ്രനിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ തന്നെ പങ്കെടുത്തിരുന്നു.

അയോധ്യക്കേസിനെയും കലാപങ്ങളെയും തുടർന്നാണ്‌ 1991ൽ ആരാധനാലയ സംരക്ഷണനിയമം കൊണ്ടുവന്നത്‌. രാജ്യത്തെ ആരാധനാലയങ്ങളുടെ 1947 ആഗസ്‌ത്‌ 15ലെ സ്ഥിതി സംരക്ഷിക്കലാണ്‌ ഇതിലെ വ്യവസ്ഥ. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ മതനിരപേക്ഷപാർടികൾ  ഉയർത്തിയ സമ്മർദമാണ്‌ നിയമം കൊണ്ടുവരാൻ നരസിംഹ റാവു സർക്കാരിനെ പ്രേരിപ്പിച്ചത്‌. അയോധ്യക്കേസിൽ അഞ്ചംഗ ഭരണഘടന ബെഞ്ച്‌ 2019ൽ പുറപ്പെടുവിച്ച വിധിയിൽ ഈ നിയമത്തിന്റെ സാധുത ശരിവച്ചു. എന്നാൽ 2023ൽ, വാരാണസി ജ്ഞാൻവാപി പള്ളിക്ക്‌ അടിയിൽ ക്ഷേത്രമുണ്ടെന്ന്‌ അവകാശപ്പെട്ടുള്ള ഹർജിയിൽ സർവേ നടത്താൻ കീഴ്‌ക്കോടതി നൽകിയ അനുമതി തടയാൻ ചീഫ്‌ ജസ്‌റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ തയ്യാറായില്ല. ഇതേതുടർന്ന്‌ മഥുര ഷാഹി ഈദ്‌ഗാഹിൽ കോടതി മേൽനോട്ടത്തിൽ സർവെ നടത്താൻ അലഹബാദ്‌ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ സംഭൽ മസ്‌ജിദിൽ സർവെ നടത്താൽ പ്രാദേശിക കോടതി നൽകിയ ഉത്തരവ്‌ സംഘർഷത്തിനും നാല്‌ മുസ്ലിം യുവാക്കൾ പൊലീസ്‌ വെടിവയ്‌പ്പിൽ കൊല്ലപ്പെടാനും ഇടയാക്കി.

രാജസ്ഥാൻ അജ്‌മീർ ഷെരീഫ്‌ ദർഗയ്‌ക്ക്‌ താഴെ ക്ഷേത്രമുണ്ടെന്ന ഹർജിയിൽ സിവിൽ കോടതി ആർക്കിയോളജിക്കൽ സർവെയ്‌ക്ക്‌ നോട്ടീസ്‌ അയച്ചു. ആരാധനാലയ നിയമം ചോദ്യംചെയ്‌ത്‌ സംഘപരിവാർ അനുകൂലികൾ നേരത്തെ സുപ്രീംകോടതിയിൽ ഹർജികൾ നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ സുപ്രീംകോടതിയിൽ പ്രത്യേക ബെഞ്ച്‌ രൂപീകരിച്ച്‌ വിഷയം പരിഗണിക്കുന്നത്‌. ആരാധനാലയ നിയമം സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം ഇടപെടൽ ഹർജി നൽകി. പിന്നാലെ ആർജെഡി ഉൾപ്പടെ മറ്റ്‌ ചില പാർടികളും ഹർജി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top