ന്യൂഡൽഹി > കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ സ്വകാര്യമായി കാണുന്നതും പോക്‌സോ നിയമപ്രകാരമുള്ള കുറ്റമാണെന്ന് സുപ്രീംകോടതി. കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യമാണെന്ന് അറിഞ്ഞശേഷം അത് ഡൗൺലോഡ് ചെയ്യാതെ കണ്ടാലും പോക്‌സോ കുറ്റകരമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പദ്ദിവാലയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇത്തരം ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്‌ക്കാതെ കാണുകമാത്രം ചെയ്യുന്നത് പോക്‌സോ നിയമത്തിന്റ പരിധിയിൽ വരുന്ന നിയമം അല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രധാന ഉത്തരവ്. കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യം മൊബൈലിൽകണ്ട ചെന്നൈ സ്വദേശി എസ് ഹാരിഷിനെ കുറ്റവിമുക്തനാക്കിയ ജനുവരിയിലെ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, പ്രതിക്കെതിരെ ക്രിമിനൽ നടപടി പുനഃസ്ഥാപിക്കാന്‍ ഉത്തരവിട്ടു.
ഡൗൺലോഡ് ചെയ്യാതെ ഇത്തരം ദൃശ്യങ്ങൾ കണ്ടാലും കൈവശം വയ്‌ക്കുന്നതായി കണക്കാക്കാം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യമാണ് എന്ന് മനസിലാക്കിയശേഷം അവ നശിപ്പിക്കാനോ റിപ്പോർട്ട് ചെയ്യാനോ തയാറാവാതെയിരിക്കൽ, പ്രചരിപ്പിക്കണം എന്ന ഉദ്ദേശത്തോടെ കൈവശം വയ്‌ക്കൽ, വിൽപ്പന എന്നിവ–- പോക്‌സോ നിയമത്തിലെ സെക്ഷൻ 15 പ്രകാരമുള്ള കുറ്റമാണ്. മറ്റൊരാൾക്ക് ദൃശ്യങ്ങളടങ്ങിയ ലിങ്ക് അയച്ചുനൽകുമ്പോൾ അത് തുറക്കുന്നയാൾക്ക് അപ്പോൾ ദൃശ്യം എന്താണെന്ന് അറിയാത്തതിനാൽ അത് കുറ്റകരമാകുന്നില്ല. എന്നാൽ, ഉള്ളടക്കം മനസിലായശേഷവും തുടർന്ന് കാണുന്നത് കുറ്റകരമാകും. മാത്രമല്ല, അത് അധികാരികളെ അറിയിക്കുമ്പോൾ മാത്രമേ 15(1) പ്രകാരമുള്ള നിയമപരമായ ബാധ്യതയിൽനിന്ന് ഒഴിവാകൂ.
അതേസമയം, ‘കുട്ടികളുടെ അശ്ശീലം’ എന്ന പദം കുട്ടികൾക്കെതിരായ ഗുരുതരമായ കുറ്റകൃത്യത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
പകരം, ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കൾ’ (സിഎസ്ഇഎഎം) എന്ന് ഉപയോഗിക്കണമെന്ന് നിർദേശിച്ചു. ഇതിനായി പോക്‌സോ വകുപ്പിൽ ഭേദഗതി വരുത്തി ഓർഡിനൻസ് ഇറക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കണം. കോടതികൾ ഇനി ‘കുട്ടികളുടെ അശ്ശീലം’ എന്ന് ഉപയോഗിക്കാൻ പാടില്ലെന്നും നിർദേശിച്ചു.
ലൈംഗിക
വിദ്യാഭ്യാസം ഇന്ത്യൻ സംസ്‌കാരത്തിന്
യോജിച്ചതല്ലെന്ന
വാദം തെറ്റ്
ന്യൂഡൽഹി > ലൈംഗിക വിദ്യാഭ്യാസം പാശ്ചാത്യ ആശയമാണെന്നും ഇന്ത്യൻ സംസ്‌കാരത്തിന് യോജിച്ചതല്ലന്നുമുള്ള വാദം തെറ്റെന്ന് സുപ്രീംകോടതി. ഈ ചിന്താഗതി നിരവധി സംസ്ഥാനങ്ങളിൽ എതിർപ്പിന് കാരണമാവുകയും സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് നിരോധിക്കുന്നതിലേക്ക് വഴിവെക്കുന്നെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയിൽ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് തെറ്റിദ്ധാരണ വ്യാപകമാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ചില സംസ്ഥാനങ്ങളുടെയും നിലപാട് അങ്ങേയറ്റം യഥാസ്ഥിതികമാണ്. ലൈംഗിക വിദ്യാഭ്യാസം പ്രത്യുൽപ്പാദനത്തെ മാത്രം സംബന്ധിച്ചുള്ളതാണെന്നാണ് പ്രബലമായ തെറ്റിദ്ധാരണ. ഉഭയസമ്മതം, ആരോഗ്യകരമായ ബന്ധങ്ങൾ, ലിംഗസമത്വം, വൈവിധ്യത്തോടുള്ള ബഹുമാനം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നുണ്ട്. ലൈംഗികാതിക്രമങ്ങൾ കുറയ്‌ക്കുന്നതിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഇക്കാര്യം അഭിസംബോധന ചെയ്യേണ്ടതുണ്ട്.
ലൈംഗികതയെക്കുറിച്ച് ചർച്ച ചെയ്യുന്നത് അധാർമികമാണെന്ന യാഥാസ്ഥിതിക വീക്ഷണം പലരും വെച്ചുപുലർത്തുന്നു. ഓരോ പ്രായത്തിലും നൽകുന്ന ബോധവൽക്കരണം ഹാനികരമായ ലൈംഗിക പെരുമാറ്റങ്ങളിൽനിന്ന് കൗമാരക്കാരെ തടയും. സമഗ്രമായ ലൈംഗിക വിദ്യാഭ്യാസ പരിപാടികളുടെ ആവശ്യകത പഠനങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും- കോടതി നിരീക്ഷിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..