ന്യൂഡൽഹി > യുപിഎസ്‌സിക്ക് വ്യാജരേഖകൾ നൽകിയതിന് പുറത്താക്കപ്പെട്ട ഐഎഎസ് ട്രെയിനി പൂജ ഖേദ്കർ സമർപ്പിച്ച മുൻകുർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഒബിസി, വികലാംഗ സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിച്ചതിന് ഹർജിക്കാരിക്കെതിരെ കേസുണ്ടെന്നും മുൻകൂർ ജാമ്യത്തിന് അർഹയല്ലന്നും ജസ്‌റ്റിസ് ചന്ദ്രധരി സിങിന്റെ സിംഗിൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
യുപിഎസ്‌സിയെ കബളിപ്പിക്കൽ, അർഹരായവരുടെ ആനുകൂല്യം തട്ടിയെടുക്കൽ എന്നീ ഉദ്ദേശത്തോടെയാണ് പൂജ ഖേദ്കർ വ്യാജ സർട്ടിഫിക്കറ്റുകൾ ചമച്ചത്. കുടുംബത്തിന്റെ ഉയർന്ന സാമ്പത്തിക–-സാമൂഹിക പശ്ചാത്തലം പരിഗണിക്കുമ്പോൾ കുടുംബാംഗങ്ങളും ഈ തട്ടിപ്പിൽ ഉൾപ്പെട്ടിരിക്കാം. ആഢംബര വാഹനങ്ങളും വിവിധ സ്വത്തുവകകളും സ്വന്തമായുള്ളതിന് പുറമേ ഹർജിക്കാരിയുടെ മാതാപിതാക്കൾ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നതായും ഉത്തരവിൽ വ്യക്തമാക്കി. നേരത്തെ ഹൈക്കോടതി അറസ്‌റ്റ് തടഞ്ഞിരുന്നുവെങ്കിലും ഉത്തരവോടെ അതില്ലാതായി. തട്ടിപ്പ് വെളിപ്പെട്ടതോടെ ഈ വർഷം സെപ്റ്റംബറിലാണ് പൂജയെ ഐഎഎസിൽ നിന്ന് പുറത്താക്കിയത്. പരീക്ഷയെഴുതാൻ ആജീവനാന്ത വിലക്കുമേർപ്പെടുത്തിയിട്ടുണ്ട്.യുപിഎസ്‌സി ഡൽഹി പൊലീസിൽ പരാതിയും നൽകി. സ്വന്തം സംസ്ഥാനമായ മഹാരാഷ്‌ട്രയിലാണ് ഇവർക്ക് നിയമനം ലഭിച്ചിരുന്നത് .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..