21 December Saturday

പോഷൻ അഭിയാൻ യോജന: 40 പെൺകുട്ടികളുടെ പേരിൽ വ്യാജ അപേക്ഷ നൽകി പണം തട്ടാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

പ്രതീകാത്മക ചിത്രം

ലഖ്നൗ > വാരാണസിയിൽ 40 പെൺകുട്ടികൾ ഗർഭിണികളാണെന്ന പേരിൽ വ്യാജ അപേക്ഷ നൽകി പണം തട്ടാൻ അങ്കണവാടി ജീവനക്കാരിയുടെ ശ്രമം. രമണ ഗ്രാമപഞ്ചായത്തിലെ മൽഹിയയിലാണ് സംഭവം. കേന്ദ്ര സർക്കാരിന്റെ പോഷൻ അഭിയാൻ യോജന പ്രകാരം ആനുകൂല്യങ്ങൾ അറിയിച്ചുകൊണ്ടുള്ള ശിശുവികസന മന്ത്രാലയത്തിന്റെ സന്ദേശം പെൺകുട്ടികൾക്ക് ലഭിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.

“പോഷൻ ട്രാക്കറിലേക്ക് സ്വാഗതം. മുലയൂട്ടുന്ന അമ്മയെന്ന നിലയിൽ, നിങ്ങൾക്ക് ആവശ്യമായ ഭക്ഷണം, കൗൺസിലിംഗ്, കുട്ടികളുടെ ആരോഗ്യ നിരീക്ഷണം തുടങ്ങിയ സേവനങ്ങൾ അടുത്തുള്ള അങ്കണവാടിയിൽ നിന്ന് പ്രയോജനപ്പെടുത്താം," എന്ന സന്ദേശമാണ് പെൺകുട്ടികൾക്ക് ലഭിച്ചത്. സന്ദേശം ലഭിച്ച ഉടനെ ഇവർ അങ്കണവാടി ജീവനക്കാരിയായ സുമൻലതയെ ബന്ധപ്പെട്ടിരുന്നു. എന്നാൽ കൃത്യമായ മറുപടി നൽകാൻ അവർ തയാറായില്ല.

ഇതിനെ തുടർന്ന് പെൺകുട്ടികളുടെ കുടുംബം പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാനെന്നു പറഞ്ഞ് സുമൻലത പെൺകുട്ടികളുടെ ആധാർ കാർഡിന്റെ കോപ്പികൾ ശേഖരിച്ചിരുന്നു. ഈ കോപ്പികൾ ഉപയോ​ഗിച്ച് പെൺകുട്ടികളുടെ പേര് പോഷകാഹാര പദ്ധതിയിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിയെ തുടർന്ന് ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ ഹിമാൻഷു നാഗ്പൽ അന്വേഷണത്തിന്  ഉത്തരവിട്ടു. പെൺകുട്ടികളുടെ പേരിൽ എന്തെങ്കിലും പോഷക സാമ​ഗ്രികൾ വിതരണം ചെയ്‌തിട്ടുണ്ടോയെന്ന് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top