ന്യൂഡൽഹി
ജെഎൻയു മുതൽ അരനൂറ്റാണ്ടുകാലം അരികലുണ്ടായിരുന്ന സഖാവിനെ എന്ത് പറഞ്ഞ് യാത്രയാക്കണമെന്ന ദുഃഖഭാരത്തിലാണ് ന്യൂസ് ക്ലിക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ത. ചാൻസലർ പദവിയിൽ നിന്ന് ഇന്ദിരാ ഗാന്ധിഗാന്ധിയുടെ രാജിയാവശ്യപ്പെടുന്ന യുവനേതാവാണ് ഞങ്ങൾക്കിന്നും സീതാറാം. എതിർക്കുന്നവരെപ്പോലും പുഞ്ചിരികൊണ്ട് സുഹൃത്താക്കുന്ന അപൂർവ സവിശേഷത. ഇടതുപക്ഷത്തിന്റെയും രാജ്യത്തെ ജനാധിപത്യചേരിയുടെയും നേതാവായി വളർന്ന സീതാറാമിന് പാർടികൾക്കിടയിൽ പാലങ്ങൾ തീർത്ത് സഖ്യ രൂപീകരണത്തിന് നേതൃത്വം നൽകാനുള്ള അനുപമശേഷി. മതനിരപേക്ഷമൂല്യങ്ങൾ സംരക്ഷിക്കാനും വർഗീയ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനുമുള്ള പോരാട്ടത്തിൽ അനന്യമായ നേതൃപാടവം. രാജ്യം യെച്ചൂരിയുടെ നേതൃസാന്നിധ്യം അങ്ങേയറ്റം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് വിയോഗമെന്നത് എല്ലാ അർഥത്തിലും കനത്ത നഷ്‌ടമാണ്.’’– പുർകായസ്ത പറഞ്ഞു. -
ബ്രിട്ടീഷ് കൊളോണിയലിസം അതിന്റെ എല്ലാ അസമത്വങ്ങളോടും കൂടി സംരക്ഷിച്ച ഫ്യൂഡൽ ഭൂതകാലത്തിൽ നിന്നു കൂടിയായിരുന്ന ഇന്ത്യ സ്വാതന്ത്ര്യം നേടേണ്ടിയിരുന്നത്. കൊളോണിയൽ ശക്തികൾക്കെതിരായ പോരാട്ടത്തിന്റെ പാത നിശ്ചയിച്ചപ്പോൾ മതനിരപേക്ഷവും അസമത്വരഹിതവുമായ ക്രമം കെട്ടിപ്പടുക്കൽ നമ്മുടെ ലക്ഷ്യമായി. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂർത്തമായ കാഴ്‌ചപ്പാടായിരുന്നു അത്. ശക്തമായ മതനിരപേക്ഷ പാരമ്പര്യമുണ്ടായിരുന്ന കോൺഗ്രസ് കൊളോണിയലിസം അവശേഷിപ്പിച്ച ദാരിദ്ര്യം പരിഹരിക്കേണ്ടുന്നതിന് പകരം ഉദാരവൽക്കരണത്തെ പുൽകി. അതുകൊണ്ടുതന്നെ സീതാറാം യെച്ചൂരിയുടെ തലമുറുയിലെ വിദ്യാർഥികൾക്ക് സങ്കീർണമായ സാഹചര്യങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. അന്നത്തെ വിദ്യാർഥിസമരങ്ങൾ വിദ്യഭ്യാസത്തിനായുള്ള പോരാട്ടം മാത്രമായിരുന്നില്ല. കർഷകർക്കും തൊഴിലാളികൾക്കുമുള്ള ഐക്യദാർഢ്യം കൂടിയായിരുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായി വിയറ്റ്‌നാം ജനതയോട് ഐക്യപ്പെട്ടവർ. ചിലിയിൽ അലൻഡെയെ അട്ടിമറിച്ചുണ്ടാക്കിയ പിനോഷെ ഭരണത്തിനെതിരെ തെരുവിലിറങ്ങിയവർ. റെയിൽവേ പണിമുടക്കിലും ഡൽഹിയിലെ ടെക്‌സ്‌റ്റെൽ പ്രക്ഷോഭത്തിലും ഐക്യദാർഢ്യമേകിയർ. അങ്ങനെയാണ് ജെഎൻയു വിദ്യാർഥികൾ അറിയപ്പെട്ടത്. ആ ഘട്ടത്തിൽ സീതാറാമിനെയും പ്രകാശ് കാരാട്ടിനെയും കേന്ദ്രകമ്മിറ്റിയിലേക്ക് ഉയർത്തി സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള സിപിഐ എം നേതൃത്വം പുതുതലമുറയിലേക്ക് സുതാര്യമായ പാലമിട്ടു.
ധനതത്വശാസ്‌ത്രത്തിലെ സീതാറാമിന്റെ പാണ്ഡിത്യം പൊതുമേഖലയെ വിറ്റുതുലയ്‌ക്കാനും സമ്പദ്‌വ്യവസ്ഥയെ കുത്തകകൾക്ക് കൈമാറാനുമുള്ള ‘പരിഷ്‌ക്കരണവാദ’ത്തിന്റെ പൊള്ളത്തരം പുറത്തെത്തിച്ചു. ആ രേഖകൾ പിന്നീട് നവ ഉദാരവൽക്കരത്തിനെതിരെയുള്ള പാർടിപ്രചാരണങ്ങളുടെ കുന്തമുനയായി.
സോഷ്യലിസ്‌റ്റ് രാഷ്‌ട്രങ്ങൾ ദുർബലമായപ്പോൾ ‘ചരിത്രത്തിന്റെ അന്ത്യം’ എന്നാണ് ഫ്രാൻസിസ് ഫുകുയാമ വിശേഷിപ്പിച്ചത്. യുഎസ് സാമ്രാജ്യത്വമെന്ന ‘പുതിയ റോം’- ഇവിടെ നിലനിൽക്കുമെന്ന വിശ്വാസത്തെ ബലപ്പെട്ട നാളുകൾ. യുഎസിന്റെ ആധിപത്യത്തിന് കീഴിൽ ആഗോള മൂലധനത്തിനൊപ്പം ചേർന്ന് കൂടുതൽ ഉദാരവൽകൃത ഇന്ത്യയെന്ന നീക്കങ്ങളാണ് ബിജെപിക്ക് വഴിമുരുന്നിട്ടത്. ജന ജീവിതം മെച്ചപ്പെടുത്തുന്നതിന് പകരം അധിനിവേശ ശക്തികൾ നശിപ്പിച്ച ഭൂതകാലത്തെക്കുറിച്ച് സംസാരിച്ച് അവർ ജനങ്ങളെ വഴിതിരിച്ചുവിട്ടു.
ബിജെപിയുടെ വിഭജന പദ്ധതിയെ എതിർക്കുന്ന വിവിധ ശക്തികളെ പശകണക്കെ സീതാറാം ഒരുമിപ്പിച്ചു. വ്യത്യസ്‌ത വിഭാഗങ്ങളുമായി അയത്‌നലളിതമായി സംസാരിക്കാനുള്ള നൈപുണ്യം രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനുള്ള വലിയ പോരാട്ടത്തിൽ യെച്ചൂരിയെ അനിവാര്യ ഘടകമാക്കി. അക്ഷീണവും നിസ്വാർഥവുമായ സീതാറാമിന്റെ പ്രയത്നമില്ലായിരുന്നുവെങ്കിൽ അടുത്തിടെ നാം കണ്ട ദേശീയ ഐക്യവും ബിജെപി ദുർബലമാകലും സംഭവിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ ദൗത്യം പൂർത്തിയായിട്ടില്ല. പോകേണ്ടുന്ന ദിശയേക്കുറിച്ചുള്ള വ്യക്തമായ കാഴ്‌ചപ്പാട് സീതാറാം നമുക്ക് നൽകി. അടിച്ചമർത്തലിൽ നിന്നും മുക്തമായ ലോകത്തിന് വേണ്ടിയാണ് അദ്ദേഹം പോരാടിയത്. അതേ കാഴ്ചപ്പാട് പങ്കിടുന്ന നമുക്കെല്ലാവർക്കും സീതാറാം അവശേഷിപ്പിച്ചുപോയ ഉദാരമായ പൈതൃകമാണിത്. ലാറ്റിനമേരിക്കൻ ഏഴുത്തുകാരനായ ഗൊലേനോയുടെ വാക്കുകൾ ഉദ്ധരിക്കുന്നു. ‘ഉട്ടോപ്യ ചക്രവാളത്തിലുണ്ട്. രണ്ടടി മുന്നോട്ടു നീങ്ങുമ്പോൾ പക്ഷേ അത് രണ്ടടി ദൂരേയ്‌ക്ക് പോകുന്നു. എത്ര നടന്നാലും അവിടെയെത്തില്ല. പിന്നെന്തിനാണ് ഉട്ടോപ്യ?’ എന്നാൽ വീണ്ടും വീണ്ടും നടക്കുകയെന്നാണ് അതിനുള്ള മറുപടി. സീതാറാമിന്റെ പോരാട്ടം നമുക്ക് നൽകിയ പാഠവും അതാണ്–- പുർകായസ്-ത പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..