26 December Thursday

മോദി സർക്കാരിന്റെ മാധ്യമ വേട്ടയ്‌ക്കെതിരെ ജാഗ്രത ശക്തമാക്കണം

പ്രത്യേക ലേഖകൻUpdated: Friday Oct 4, 2024


ന്യൂഡൽഹി
മാധ്യമപ്രവർത്തന സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും അടിച്ചമർത്തുന്ന മോദിസർക്കാർ നയത്തിനെതിരെ ജാഗ്രതയും ചെറുത്തുനിൽപും ശക്തമാക്കണമെന്ന ആഹ്വാനവുമായി പ്രബീർ പുർകായസ്‌തയുടെ അറസ്‌റ്റിന്റെ ഒന്നാം വാർഷിക ദിനാചരണം. മോദിസർക്കാരിന്റെ വരുതിയിൽ നിൽക്കാത്ത മാധ്യമങ്ങൾക്കെതിരെ നടത്തിവന്ന വേട്ടയുടെ മൂർധന്യമായിരുന്നു ‘ന്യൂസ്‌ക്ലിക്ക്‌’ പോർട്ടലിനെതിരായ നടപടികളും കേസുകളും പുർകായസ്‌തയുടെ അറസ്‌റ്റുമെന്ന്‌ ‘ദി വയർ’ സ്ഥാപക എഡിറ്റർ സിദ്ധാർഥ്‌ വരദരാജൻ പറഞ്ഞു.

2017ൽ എൻഡിടിവി പ്രമോട്ടർമാർക്കെതിരായ സിബിഐ കേസോടെയാണ്‌ മോദിസർക്കാർ പ്രത്യക്ഷത്തിൽ മാധ്യമവേട്ട തുടങ്ങിയത്‌. കേന്ദ്രനയങ്ങളെ വിമർശിക്കാൻ ധൈര്യം കാട്ടിയ ഏക ദേശീയചാനൽ എൻഡിടിവിയായിരുന്നു. എൻഡിടിവിയുടെ ഉടമസ്ഥത കൈമാറിയതോടെ സിബിഐ കേസ്‌ അവസാനിപ്പിക്കുകയും ചെയ്‌തു. ഇപ്പോൾ കിരാത വകുപ്പുകൾ അടങ്ങിയ ബ്രോഡ്‌കാസ്‌റ്റ്‌ ബിൽ കേന്ദ്രം തൽക്കാലം പിൻവലിച്ചുവെങ്കിലും തിരിച്ചുകൊണ്ടുവരാൻ അവസരം പാർത്തു കഴിയുകയാണെന്ന്‌ സിദ്ധാർഥ്‌ വരദരാജൻ പറഞ്ഞു.

‘ന്യൂസ്‌ ക്ലിക്കി’ൽ ഡൽഹി പൊലീസ്‌ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്ത നൂറുകണക്കിന്‌ ഇലക്‌ട്രോണിക്‌ സാമഗ്രികൾ മടക്കിക്കിട്ടിയിട്ടില്ലെന്ന്‌ സ്ഥാപക എഡിറ്റർ കൂടിയായ പുർകായസ്‌ത പറഞ്ഞു. ന്യൂസ്‌ക്ലിക്കുമായി സഹകരിച്ചവരുടെ ഗവേഷണരേഖകൾ അടക്കമാണ്‌ പൊലീസിന്റെ കൈവശമായത്‌. വിപുലമായ ആർകൈവും നഷ്ടമായി. ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീംകോടതി വിധി വന്നുവെങ്കിലും അത്‌ നടപ്പായിട്ടില്ല. പൊതുസമൂഹത്തിൽനിന്ന്‌ ലഭിക്കുന്ന പിന്തുണയ്‌ക്ക്‌ അദ്ദേഹം നന്ദി രേഖപ്പെടുത്തി.

സർക്കാരിന്റെയും ഏജൻസികളുടെയും വേട്ട മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങളെപോലും ബാധിക്കുന്നതായി മാധ്യമപ്രവർത്തക നീലു വ്യാസ്‌ തോമസ്‌ പറഞ്ഞു. പ്രസ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകരായ എൻ റാമും പി സായിനാഥും വീഡിയോ സന്ദേശം നൽകി. ടി കെ രാജലക്ഷ്‌മി, എസ്‌ കെ പാണ്ഡെ,  ജയ്‌ശങ്കർ, ധനസുമോദ്‌ എന്നിവരും സംസാരിച്ചു. സുജാത മധോക്ക്‌ അധ്യക്ഷയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top