ന്യൂഡൽഹി > പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ നിര്യാണത്തിൽ പ്രകാശ് കാരാട്ട് അനുശോചിച്ചു. ബുദ്ധദേവ് ഭട്ടാചാര്യയുടെ നിര്യാണത്തോടെ പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ ഒരു യുഗം അവസാനിച്ചതായി മുൻ സിപിഐ എം ജനറൽ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ട് പറഞ്ഞു.
സിപിഐ എം ന്റെ സമുന്നതനായ നേതാക്കളിലൊരാളായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ. മുഖ്യമന്ത്രിയായും മന്ത്രിയായും ബംഗാളിലെ ഇടതുപക്ഷ സർക്കാരിന്റെ ഭാഗമായ ബുദ്ധദേവ് മികച്ച പ്രവർത്തനമാണ് കാഴ്‌ചവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ബുദ്ധദേവ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായിരുന്നു. സംസ്ഥാനത്തെ പ്രധാന യുവനേതാക്കളിൽ ഒരാളുമായിരുന്നു അദ്ദേഹം. എഴുത്തുകാരൻ കൂടിയായിരുന്ന ബുദ്ധദേവ് ബംഗാളിലെ സാംസ്കാരിക മുന്നേറ്റത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അദ്ദേഹം പാർട്ടിക്കും രാജ്യത്തിനും നൽകിയ സംഭാവനകൾ ഓർക്കുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..