ന്യൂഡൽഹി > കോൺഗ്രസിനെ പരിഹസിച്ച് പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. അന്തരിച്ച ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അനുസ്മരണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ശർമിഷ്ഠ മുഖർജി രംഗത്തെത്തിയത്. 2020ൽ പ്രണബ് മുഖർജി മരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതിയുടെ അനുശോചനയോഗം പോലും കോൺഗ്രസ് നേതൃത്വം വിളിച്ചില്ലെന്ന് ശർമിഷ്ഠ മുഖർജി പറഞ്ഞു.
മൻമോഹൻ സിങ്ങിന് പ്രത്യേക സ്മാരകം വേണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ നിർദേശത്തെയാണ് ശർമിഷ്ഠ മുഖർജി പരിഹസിച്ചത്. 2020 ആഗസ്തിൽ തന്റെ പിതാവും ഇന്ത്യയുടെ മുൻ പ്രസിഡന്റുമായ പ്രണബ് മുഖർജി മരിച്ചപ്പോൾ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ (സിഡബ്ല്യുസി) അനുശോചന യോഗം വിളിക്കാൻ പോലും കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് ശർമിഷ്ഠ പറഞ്ഞു. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും അവർ ആരോപിച്ചു. രാജ്യത്തിന്റെ നാല് പ്രസിഡന്റുമാർ മരിച്ചപ്പോഴും അതുണ്ടായില്ല എന്നായിരുന്നു ഒരു കോൺഗ്രസ് നേതാവ് ഇക്കാര്യത്തിൽ പറഞ്ഞത്. എന്നാൽ പിന്നീട് പിതാവിന്റെ ഡയറിയിൽ നിന്ന് ഇത് തെറ്റാണെന്ന് മനസിലായി. കെ ആർ നാരായണൻ മരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകസമിതി വിളിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്ത്‌തിരുന്നതായി ശർമിഷ്ഠ പറഞ്ഞു.
2004 മുതൽ 2009 വരെ ഡോ. മൻമോഹൻ സിങിന്റെ മാധ്യമ ഉപദേഷ്ടാവും ഫിനാൻഷ്യൽ എക്‌സ്‌പ്രസിന്റെ മുൻ ചീഫ് എഡിറ്ററുമായ ഡോ.സഞ്ജയ ബാരു എഴുതിയ 'ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ' എന്ന പുസ്തകത്തിലെ ഒരു അധ്യായത്തെക്കുറിച്ചും ഈ വിഷയത്തിൽ പരാമർശം വന്നിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അന്തരിച്ച മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിനുവേണ്ടി ഒരു സ്മാരകം പോലും നിർമിച്ചിട്ടില്ലെന്നായിരുന്നു പരാമർശം.
2004 മുതൽ 2014 വരെ അധികാരത്തിലിരുന്നിട്ടും കോൺഗ്രസ് ഒരിക്കലും നരസിംഹ റാവുവിനായി സ്മാരകം നിർമിച്ചിട്ടില്ലെന്നാണ് പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..