പട്ന>തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം ചെയ്തു. ഗാന്ധിജയന്തി ദിനത്തിൽ പട്ന വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ വൻ റാലി സംഘടിപ്പിച്ചുകൊണ്ടാണ് പാർടി പ്രഖ്യാപനമുണ്ടായത്. ജൻ സുരാജ് എന്നാണ് പാർടിയുടെ പേര്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ എല്ലാ സീറ്റുകളിലും ജൻ സുരാജ് പാർടി മത്സരിക്കുമെന്നാണ് പ്രതീക്ഷ.
കേന്ദ്രമന്ത്രിയായിരുന്ന ഡി പി യാദവ്, ഭാരതീയ ജനതാ പാർടി(ബിജെപി) മുൻ എംപി ഛേദി പാസ്വാൻ, മുൻ എംപി പൂർണമാസി റാം മുതൽ മോനാജിർ ഹസൻ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവരും ജൻ സുരാജുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുവെന്ന് പ്രശാന്ത് കിഷോർ പാർടി റാലിയിൽ പറഞ്ഞു.
കുടിയേറ്റം, തൊഴിലില്ലായ്മ തുടങ്ങി സമൂഹം നേരിടുന്ന വെല്ലുവിളികളെ ഇല്ലായ്‌മ ചെയ്യുകയാണ് പാർടിയുടെ പ്രധാന അജണ്ട. യുവാക്കൾക്ക് തൊഴിലവസരം നൽകുമെന്നും പാവപ്പെട്ടവരുടെ സാമൂഹിക പെൻഷൻ തുക വർധിപ്പിക്കുമെന്നും പാർടി റാലിയിൽ പ്രശാന്ത് കിഷോർ പറഞ്ഞു. പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ട് ബീഹാറിലെ 8500 പഞ്ചായത്തുകളിലും പദയാത്ര സംഘടിപ്പിക്കും, അടച്ചുപൂട്ടിയ വ്യവസായങ്ങൾ വികസനത്തിനായി പുനരുജ്ജീവിപ്പിക്കും, അധികാരത്തിൽ വന്നാൽ 15 മിനിറ്റിനുള്ളിൽ മദ്യനിരോധനം അവസാനിപ്പിക്കും, മദ്യത്തിൽ നിന്നുള്ള വരുമാനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കും തുടങ്ങിയവയാണ് പാർടിയുടെ പ്രധാന അജണ്ടയായി പ്രശാന്ത് കിഷോർ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..