21 December Saturday
നടത്തിപ്പ് ചുമതല ടാറ്റ, അദാനി, 
ആർകെ ഗ്രൂപ്പ് തുടങ്ങിയ 
സ്വകാര്യ കുത്തകകൾക്ക്‌

3 വർഷത്തിനുള്ളിൽ 151 സ്വകാര്യ ട്രെയിനുകൾ കൂടി ; റെയിൽവേ വിൽപ്പനയ്‌ക്ക്‌ ത്വരിത വേഗം

സ്വന്തം ലേഖകൻUpdated: Thursday Nov 21, 2024


കൊല്ലം
സ്വകാര്യവൽക്കരണം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നുവർഷത്തിനുള്ളിൽ നൂറ്റിയമ്പതിൽ അധികം സ്വകാര്യ ട്രെയിനുകൾ കൂടി ഓടിക്കുന്നതിന്‌ റെയിൽവേ ബോർഡ് പദ്ധതി തയ്യാറാക്കുന്നു. സ്വകാര്യ ട്രെയിനുകൾ 2027ൽ സർവീസ്‌ ആരംഭിക്കും.

ടാറ്റ, അദാനി, ആർ കെ ഗ്രൂപ്പ് തുടങ്ങിയവയ്‌ക്കാണ്‌ തുടക്കത്തിൽ സ്വകാര്യ സർവീസിനുള്ള അനുമതി. റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ ഐആർസിടിസിക്കാണ് (ഇന്ത്യൻ റെയിൽവേ കാറ്ററിങ്‌ ആൻഡ്‌  ടൂറിസം കോർപറേഷൻ) നടത്തിപ്പ്‌ ചുമതല.  

തേജസ് എക്‌സ്‌പ്രസ് എന്ന പേരിൽ രാജ്യത്ത് നിലവിൽ നാല്‌ സ്വകാര്യ ട്രെയിൻ സർവീസ്‌ നടത്തുന്നുണ്ട്. ലഖ്‌നൗവിനും ഡൽഹിക്കും മധ്യേ 2019 ഒക്ടോബർ നാലിന്നാണ് സ്വകാര്യ സർവീസ്‌ ആരംഭിച്ചത്. കൂടുതൽ തൊഴിലവസരം, ആധുനിക സാങ്കേതിക വിദ്യ, യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുകയാണ്‌ ലക്ഷ്യമെന്നാണ്‌ സ്വകാര്യവൽക്കരണത്തിന്‌ റെയിൽവേയുടെ  ന്യായീകരണം. എയർലൈൻ മാതൃകയിൽ റെയിൽ ഹോസ്റ്റസിന്റെ സേവനവും ലഭ്യമാക്കും. 

കാപ്പി, ചായ വെൻഡിങ്‌ മെഷീൻ അടക്കം ഓൺ ബോർഡ് കാറ്ററിങ്‌ സംവിധാനവുമുണ്ട്. പ്രാദേശിക ഭാഷകളിലടക്കം സിനിമകൾ കാണുന്നതിനുള്ള എൽസിഡി സംവിധാനവുമുണ്ടാകും. എല്ലാകോച്ചുകളിലും വൈ-ഫൈ സംവിധാനവും ലഭ്യമാക്കും. സ്വകാര്യവൽക്കരണം റെയിൽവേയിലെ തൊഴിൽ അവസരം കുറയ്‌ക്കുമെന്ന്‌ യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top