ന്യൂഡൽഹി
സ്‌റ്റാൻ സ്വാമിയെപോലെ വലതുപക്ഷ ഭരണസംവിധാനം കൊലപ്പെടുത്തിയ മറ്റൊരു പോരാളിയാണ് പ്രൊഫ. ജി എൻ സായിബാബ. ഇരുകാലുകളും തളർന്ന ശരീരവുമായി നിരന്തരം അനീതിക്കെതിരെ പൊരുതുകയും അശരണരുടെയും ദുർബലരുടെയും ശബ്‌ദമായി മാറുകയും ചെയ്‌ത സായിബാബയെ ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി പത്തുവർഷമാണ് ജയിലിൽ പീഡിപ്പിച്ചത്.
മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് 2014 മെയ് മാസത്തിൽ സായിബാബയെ അറസ്‌റ്റുചെയ്‌തത് മഹാരാഷ്ട്രയിലെ കോൺഗ്രസ് സർക്കാരാണ്. ഡൽഹിയിലെ രാംലാൽ കോളേജിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ കാർ തടഞ്ഞുനിർത്തിയായിരുന്നു അറസ്‌റ്റ്. ഒരു കൊടും കുറ്റവാളിയെപോലെ സായിബായെ പൊലീസ് വാഹനത്തിലേക്ക് തൂക്കിയെറിഞ്ഞു. ആ ആഘാതത്തിലാണ് കൈകളുടെയും സ്വാധീനം ഇല്ലാതായത്. വീൽചെയറും പൊലീസ് തകർത്തു. കഴിഞ്ഞ മാർച്ചിൽ കുറ്റവിമുക്തനാക്കപ്പെട്ട സായിബാബ ജയിലിൽ താൻ നേരിട്ട കൊടിയ പീഡനവും അവഹേളനവും പിന്നീട് പൊതുവേദിയിൽ വിശദമാക്കിയിരുന്നു.
എന്റെ വഴിയെ നീ എന്തിന് ഇത്രമാത്രം ഭയക്കുന്നു? ജയിലിൽനിന്നുള്ള കവിതകളും കത്തുകളും’ എന്ന സായിബാബയുടെ പുസ്‌തകത്തിൽ ഭാര്യ വസന്തയും തടവറയിലെ പീഡാനുഭവങ്ങൾ വിവരിച്ചു. ഡൽഹിയിൽനിന്നും സായിബാബയെ നാഗ്‌പ്പുരിൽ എത്തിച്ചശേഷം കോൺഗ്രസ് സർക്കാർ യുഎപിഎ ചുമത്തി. 72 മണിക്കൂർനേരം മൂത്രമൊഴിക്കാൻ പോലും അനുവദിച്ചില്ല.
90 ശതമാനം ഭിന്നശേഷിക്കാരനായ സായിബാബയുടെ ആരോഗ്യസ്ഥിതി ജയിലിലെ മോശം സാഹചര്യങ്ങളിൽ കൂടുതൽ വഷളായി. കാലുകൾക്കൊപ്പം ഇരുകൈകളുടെയും ചലനശേഷി ഇല്ലാതായി. ശുചിമുറിയിൽ പോകാനും കുളിക്കാനും കിടക്കാനുമെല്ലാം രണ്ടുപേരുടെ സഹായം വേണമെന്നായി. രണ്ടുവട്ടം കോവിഡ് ബാധിതനായി. പന്നിപനിയും വന്നു. ആരോഗ്യസ്ഥിതി തീർത്തും മോശപ്പെട്ടിട്ടും ജാമ്യമോ പരോളോ അനുവദിച്ചില്ല. തന്റെ കാര്യത്തിൽ ഉന്നതനീതിപീഠവും നീതി കാട്ടിയില്ലെന്ന് അദേഹം തുറന്നു വിമർശിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..