ന്യൂഡൽഹി > അംബേദ്കറെ അധിക്ഷേപിച്ച അമിത് ഷായ്ക്ക് എതിരായ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. ഇന്ന് രാവിലെയും പാർലമെന്റിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധം നടത്തി. പ്രതിഷേധത്തെത്തുടർന്ന് ഇരുസഭകളും പിരിഞ്ഞു. ലോക്സഭ അനിശ്ചിത കാലത്തേക്കും രാജ്യസഭ ഉച്ചയ്ക്ക് 12 വരെയുമാണ് പിരിഞ്ഞത്.
വിജയ് ചൗക്കിൽ നിന്ന് പാർലമെന്റ് വരെ പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ദിവസങ്ങളിലും അംബേദ്കറിനെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് സഭ പ്രക്ഷുബ്ധമായിരുന്നു. പാർലമെന്റിന്റെ ഇരുസഭകളും വ്യാഴാഴ്ച പൂർണമായും സ്തംഭിച്ചിരുന്നു. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകൾ സംയുക്ത പാർലമെന്ററിസമിതിക്ക് വിട്ടുകൊണ്ടുള്ള പ്രമേയം സഭാ നടപടികളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ പരിഗണിക്കാനായില്ല.
‘അംബേദ്കർ... അംബേദ്കർ.. അംബേദ്കർ.. എന്ന് പറയുന്നത് ഇപ്പോൾ ചിലർക്കൊരു ഫാഷനായിട്ടുണ്ട്. അത്രയും വട്ടം ദൈവനാമം ഉച്ചരിച്ചിരുന്നെങ്കിൽ നേരിട്ട് സ്വർഗപ്രവേശം ലഭിക്കുമായിരുന്നു’ എന്നായിരുന്ന-ു രാജ്യസഭയിൽ ചൊവ്വാഴ്ച ഭരണഘടനയെക്കുറിച്ചുള്ള പ്രത്യേക ചർച്ചയുടെ മറുപടിയിൽ അമിത് ഷാ അധിക്ഷേപിച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അമിത് ഷായ്ക്കെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു. ഷായെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..