21 December Saturday

വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് ഐഎഎസ്; പൂജ ഖേദ്കറെ സർവീസിൽ നിന്ന് പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

ന്യൂഡൽഹി > വിവാദ​ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറെ ഇന്ത്യൻ അ‍ഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് പുറത്താക്കി.
നേരത്തെ പൂജയുടെ ഐഎഎസ് യുപിഎസ്‌സി റദ്ദാക്കിയിരുന്നു. പിന്നാലെയാണ് പൂജയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.

നിരവധി ക്രമക്കേടുകൾ നടത്തിയാണ് പൂജ സിവിൽ സർവീസ് നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുപിഎസ്‌സി‌ പൂജക്കെതിരെ നടപടി സ്വീകരിച്ചത്. കമീഷന്റെ പരീക്ഷകളിൽനിന്ന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിരുന്നു. നിയമനം ലഭിക്കുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റും ഒബിസി സർട്ടിഫിക്കറ്റും ഭിന്നശേഷി സർട്ടിഫിക്കറ്റും പൂജ ഹാജരാക്കിയെന്ന് കണ്ടെത്തിയിരുന്നു. വ്യക്തി​ഗത വിവരങ്ങളടക്കം വ്യാജമായി നൽകിയാണ് പല തവണ പൂജ പരീക്ഷയെഴുതിയതെന്നും കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവരുടെ ഐഎഎസ് റദ്ദാക്കിയത്.  കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയതിന് പിന്നാലെയായിരുന്നു നടപടി. പൂജയ്ക്കെതിരെ വഞ്ചനാക്കുറ്റവും ചുമത്തിയിട്ടുണ്ട്.

1954ലെ ഐഎഎസ് (പ്രൊബേഷൻ) നിയമം 12-ാം റൂൾ പ്രകാരമാണ് പൂജയെ സർവീസിൽനിന്ന് പുറത്താക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത്.  പൂജ ഖേദ്കറിന്റെ വിഷയം ഉയർന്ന പശ്ചാത്തലത്തില്‍, 2009-2023 കാലയളവിൽ ഐഎഎസ് സ്‌ക്രീനിങ് പൂര്‍ത്തിയാക്കിയ 15,000ത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ പരിശോധിച്ചതായി യുപിഎസ്‍സി പാനല്‍ അറിയിച്ചിരുന്നു.

പുണെയിൽ സബ് കലക്ടറായിരുന്ന പൂജ സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനെത്തുടർന്നാണ് വിവാദത്തിൽ അകപ്പെടുന്നത്. സംഭവം പുറത്തുവന്നതോടെ പൂജയ്ക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പൂനെയിൽ പോസ്റ്റ് ചെയ്യുന്നതിനിടെ പ്രത്യേക ഓഫീസും ഔദ്യോഗിക കാറും വേണമെന്നാവശ്യപ്പെട്ട പൂജ ട്രെയിനി ഓഫീസർമാർക്ക് അർഹതയില്ലാത്ത സൗകര്യങ്ങളും പ്രയോജനപ്പെടുത്തി. പൂജ ഓടിച്ച, സ്വകാര്യ കമ്പനിയുടെ പേരിൽ റജിസ്റ്റർ ചെയ്ത ഓഡി കാറിൽ 'മഹാരാഷ്ട്ര സർക്കാർ' എന്ന ബോർഡും ചുവപ്പ്-നീല നിറത്തിലുള്ള ബീക്കണും ഉപയോഗിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂജയുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ ക്രമക്കേടുകൾ നടത്തിയാണ് പൂജ സിവിൽ സർവീസ് നേടിയതെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് യുപിഎസ്‌സി നടപടി സ്വീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top