മഹാരാഷ്ട്ര > തോക്ക് വീഡിയോ വൈറലായതിനെ തുടർന്ന് വിവാദ ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിന്റെ അമ്മ മനോരമ ഖേദ്‌കറിനെ കസ്റ്റഡിയിലെടുത്തു. വീഡിയോയിൽ മനോരമ തോക്ക് ചൂണ്ടുന്നത് വ്യക്തമായതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.
തോക്ക് കാട്ടി കർഷകരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മനോരമയ്‌ക്കും മറ്റ് ആറുപേർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലെ മഹാദിൽ നിന്നാണ് മനോരമയെ അറസ്റ്റ് ചെയ്തതെന്ന് പൂനെ റൂറൽ പോലീസ് എസ്‌പി പങ്കജ് ദേശ്‌മുഖ് സ്ഥിരീകരിച്ചു.
കേസിനാസ്പദമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മനോരമ ഖേദ്‌കർ അയൽക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്നതിനിടയിൽ ഒരാളുടെ മുഖത്ത് പിസ്റ്റൾ വീശി ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം.
വിരമിച്ച മഹാരാഷ്‌ട്ര സർക്കാർ ഉദ്യോഗസ്ഥനായ പൂജയുടെ പിതാവ് ദിലീപ് ഖേദ്‌കർ വാങ്ങിയ ഭൂമിയെച്ചൊല്ലിയാണ് തർക്കം. ഖേദ്‌കർ അയൽ കർഷകരുടെ ഭൂമി കൈയേറിയതായി പ്രദേശവാസികൾ അവകാശപ്പെട്ടിരുന്നു.
മനോരമ ഖേദ്കറിന്റെ കൈയ്യിലുണ്ടായ തോക്കിന് സാധുവായ ലൈസൻസ് ഉണ്ടോ എന്നതുൾപ്പെടെ, സംഭവത്തിൻ്റെ വസ്തുതകൾ പരിശോധിക്കാൻ പൂനെ റൂറൽ പോലീസ് കഴിഞ്ഞ ആഴ്ച അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
2023 ബാച്ച് ഐഎഎസ് ഓഫീസറായ പൂജ ഖേദ്‌കർ, പൂനെയിൽ പോസ്റ്റ് ചെയ്യുന്നതിനിടെ പ്രത്യേക ഓഫീസും ഔദ്യോഗിക കാറും വേണമെന്നാവശ്യപ്പെട്ടിരുന്നു. കൂടാതെ ട്രെയിനി ഓഫീസർമാർക്ക് അർഹതയില്ലാത്ത സൗകര്യങ്ങളും പ്രയോജനപ്പെടുത്തി. പൂജ ഓടിച്ച, സ്വകാര്യ കമ്പനിയുടെ പേരിൽ റജിസ്റ്റർ ചെയ്ത ഓഡി കാറിൽ 'മഹാരാഷ്ട്ര സർക്കാർ' എന്ന ബോർഡും ചുവപ്പ്-നീല നിറത്തിലുള്ള ബീക്കണും ഉപയോഗിച്ചിരുന്നു. വാഹനത്തിൻ്റെ ഫോട്ടോകൾ വൈറലായതോടെയാണ് പൂജയ്ക്ക് നേരെ മാധ്യമനിരീക്ഷണം ആരംഭിച്ചത്.
പിന്നീടങ്ങോട്ട് വിവാദങ്ങളുടെ പരമ്പരയായിരുന്നു. പരീക്ഷയെഴുതാൻ തെറ്റായ വിവരങ്ങൾ നൽകിയതായും റിപ്പോർട്ടുകളുണ്ട്. ശാരീരിക വൈകല്യങ്ങളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും (ഒബിസി) ആനുകുല്യം ഉപയോഗപ്പെടുത്തിയെന്നാണ് പൂജയ്ക്ക് നേരെ ഉയർന്ന ആരോപണങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..