ന്യൂഡൽഹി> വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന്റെ അമ്മ പൊലീസ് കസ്റ്റഡിയിൽ. മഹാരാഷ്ട്രയിലെ മഹാദിൽ നിന്ന് പുജയുടെ അമ്മ മനോരമയെ കസ്റ്റഡിയിലെടുത്തതായി പൂനെ റൂറൽ എസ്‌പി പങ്കജ് ദേശ്മുഖ് അറിയിച്ചു. ഇതോടൊപ്പം പിതാവ് ദിലീപ് ഖേദ്കറിനെതിരെയും അന്വേഷണം തുടങ്ങി.
മുൽഷിയിലെ കർഷകരെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പൂജയുടെ മാതാപിതാക്കളെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. മനോരമ കർഷകന് നേരെ തോക്കു ചൂണ്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിലും ടെലിവിഷൻ ചാനലുകളിലും പ്രചരിച്ചതിന് തുടർച്ചയായാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
തർക്കഭൂമിയിൽ കൃഷി ചെയ്യുന്നതിനെ എതിർക്കുന്ന കർഷകനെയും, വാക്കുതർക്കത്തിൽ ഏർപ്പെടുന്ന മനോരമയേയും വീഡിയോയിൽ വ്യക്തമായി കാണാം. അംഗരക്ഷകർക്കൊപ്പമാണ് മനോരമ കർഷകനെതിരെ വാഗ്വാദത്തിൽ ഏർപ്പെടുന്നത്. ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവരെ പോലീസ് കണ്ടെത്തിയത്.
കർഷകനായ പണ്ഡരിനാഥ് പസൽക്കർ എന്ന 65 കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മനോരമയ്ക്കും പൂജയുടെ പിതാവ് ദിലീപ് ഖേദ്കറിനും എതിരെ കേസെടുത്തത്. ഇവർക്കൊപ്പം, അംബാദാസ് ഖേദ്കർ എന്നയാളെയും തിരിച്ചറിയാത്ത മറ്റു ചിലരെയും പ്രതിചേർത്തിട്ടുണ്ട്. പിതാവ് ദിലീപ് ഖേദ്കർ പലതവണ വകുപ്പു തല നടപടികൾക്ക് വിധേയനായ ഉദ്യോഗസ്ഥനാണ്. വിവാദം കനത്തതോടെ ഇയാളുടെ സ്വത്ത് വിവരങ്ങളും പോലീസ് അന്വേഷിക്കയാണ്.
സിവിൽ സർവ്വീസിൽ എത്തിയതിലും ദുരൂഹത
കാഴ്ചപരിമിതി ഉണ്ടെന്ന് അവകാശപ്പെട്ട് യുപിഎസ്‌സിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയയെന്ന് കേസിൽ പുജക്കെതിരെ അന്വേഷണം നടക്കുകയാണ്. ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ സാധുത ഉൾപ്പെടെ കേന്ദ്ര പഴ്സനൽ മന്ത്രാലയം അന്വേഷിക്കുന്നുണ്ട്. സിവിൽ സർവ്വീസ് പരീക്ഷയിൽ 841 റാങ്ക് നേടിയാണ് പൂജ സർവ്വീസിൽ എത്തിയത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് സംശയത്തെ തുടർന്ന് പൂജയെ, മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്ക് മടക്കി വിളിച്ചിരുന്നു. സ്വന്തമായി പ്രത്യേക ഓഫീസും, ഔദ്യോഗിക കാറും വേണമെന്ന പൂജ ഖേദ്കറിന്റെ ആവശ്യം വിവാദമാവുകയും ചെയ്തു. സ്വകാര്യ കാറിൽ അനധികൃതമായി ബീക്കൺ ലൈറ്റ് ഉപയോഗിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ നടപടി നേരിടുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..