ന്യുഡൽഹി
പാരസെറ്റാമോൾ ഗുളികകള്‍ അടക്കം വിപണിയിലുള്ള 48 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് നിർദേശിക്കുന്ന മരുന്നുകളാണ് കേന്ദ്ര ഔഷധ ഗുണനിലവാര നിയന്ത്രണ സംഘടനയുടെ (സിഡിഎസ്‌സിഒ) പ്രതിമാസ പരിശോധനയിൽ പരാജയപ്പെട്ടത്. ആഗസ്തിലെ പരിശോധനയില്‍ പരാജയപ്പെട്ട മരുന്നുകളുടെ പേരും ബാച്ച് നമ്പറുമടങ്ങുന്ന റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.
പാരസെറ്റാമോൾ ഐപി 500 എംജി, അമോക്സിസിലിൻ, ഷെൽക്കാൾ, ഗ്ലൈസിമെറ്റ് എസ് ആർ 500, വിറ്റാമിൻ ബി, വിറ്റാമിൻ സി ഗുളിക, കാൽസ്യം 500, വിറ്റാമിൻ ഡി3 ഗുളിക തുടങ്ങിയ ഔഷധങ്ങളും പരിശോധനയിൽ പരാജയപ്പെട്ടു. യൂണികെയർ, ഹെട്രോ, ഹെൽത്ത് ബയോടെക്, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സ്, ലൈഫ് മാക്‌സ് ക്യാൻസർ ലബോറട്ടറീസ് തുടങ്ങിയ വൻ കമ്പനികൾ നിർമിക്കുന്ന മരുന്നുകള്‍ക്കാണ് നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.
ഇതിനുപുറമേ 2022 ജൂലൈയിൽ നിർമിച്ച പാന്റാസിഡ് അടക്കം അഞ്ച് മരുന്നുകളിൽ മായം ചേർത്തിരുന്നുവെന്നും കണ്ടെത്തി. പൾമോസിൽ (സിൽഡെനാഫിൽ കുത്തിവയ്‌പ്), ഉർസോകോൾ 300, ടെൽമ എച്ച്, ഡിഫ്ലാസാകോർട്ട് എന്നിവയാണ് മായംചേർത്ത മറ്റ് മരുന്നുകൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..