23 November Saturday

'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന് പേര് '; മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് 2 വർഷം തടവുശിക്ഷ

എം അഖിൽUpdated: Thursday Mar 23, 2023

Rahul Gandhi/www.facebook.com/photo


ന്യൂഡൽഹി  
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന്‌  കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി എംപിയെ ഗുജറാത്തിലെ സൂറത്ത്‌ കോടതി രണ്ടുവർഷം തടവിന്‌ ശിക്ഷിച്ചു. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ്‌ മോദി നൽകിയ പരാതിയിൽ സൂറത്ത്‌ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ എച്ച്‌ എച്ച്‌ വർമയാണ്‌ ശിക്ഷ വിധിച്ചത്‌. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കർണാടകത്തിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ ‘എല്ലാ കള്ളൻമാർക്കും മോദിയെന്ന പൊതുപേരുണ്ടായത്‌ എങ്ങനെ?’–- എന്ന പരാമർശമാണ്‌ കേസിന്‌ ആധാരം.  പ്രസ്‌താവനയിലൂടെ രാഹുൽ മോദിസമുദായത്തെയാണ്‌ അക്ഷേപിച്ചതെന്ന്‌ ആരോപിച്ചാണ്‌ പൂർണേഷ്‌ മോദി മാനനഷ്‌ടക്കേസ്‌ നൽകിയത്‌.

അപകീർത്തി കേസിലെ ഐപിസി 499, 500 വകുപ്പുകൾ പ്രകാരം പരമാവധി ശിക്ഷയായ രണ്ടുവർഷം തടവാണ്‌ വിധിച്ചത്‌. വിധി കേൾക്കാൻ വ്യാഴാഴ്‌ച രാഹുലും എത്തിയിരുന്നു. അതേസമയം, ശിക്ഷ നടപ്പാക്കുന്നത്‌ കോടതി 30 ദിവസത്തേക്ക്‌ മരവിപ്പിച്ചു.

വിധിക്കെതിരെ അപ്പീൽ നൽകാൻ കോൺഗ്രസ്‌ നീക്കം തുടങ്ങി. വിധിയിൽ സ്‌റ്റേ അനുവദിക്കുംവരെ രാഹുൽ ഗാന്ധി പാർലമെന്റിൽനിന്ന്‌ വിട്ടുനിൽക്കും. അനുകൂല ഉത്തരവുണ്ടായില്ലെങ്കിൽ രാഹുലിന്‌ എംപി സ്ഥാനം നഷ്ടപ്പെടും. സുപ്രീംകോടതി വിധിപ്രകാരം ക്രിമിനൽ കേസിൽ ജനപ്രതിനിധി രണ്ടുവർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ വിധി വന്നതുമുതൽ അയോഗ്യനാകും. രാഹുലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട്‌ അഭിഭാഷകനായ വിനീത്‌ ജിൻഡാൽ ലോക്‌സഭാ സ്‌പീക്കർക്ക്‌ പരാതി നൽകിയിട്ടുമുണ്ട്‌.

2019ൽ ഫയൽചെയ്‌ത അപകീർത്തിക്കേസിൽ സൂറത്ത്‌ കോടതിയിലെ വിചാരണ നടപടികൾ കഴിഞ്ഞവർഷം മാർച്ചിൽ ഗുജറാത്ത്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. ഫെബ്രുവരിയിൽ സ്‌റ്റേ നീക്കിയതിനെ തുടർന്നാണ്‌  വിചാരണക്കോടതി വാദംകേൾക്കൽ പൂർത്തിയാക്കിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top