ന്യൂഡൽഹി
നേപ്പാളിലെ നിശാക്ലബിലെ രാഹുൽ ഗാന്ധിയുടെ ദൃശ്യം പുറത്തുവിട്ട് ബിജെപി. ഡൽഹി ജഹാംഗിർപുരിയിൽ ബിജെപി കോർപറേഷൻ ന്യൂനപക്ഷ വിഭാഗത്തെ അനധികൃതമായി ഒഴിപ്പിക്കുമ്പോൾ തിരിഞ്ഞുനോക്കാത്ത രാഹുൽ കാഠ്‌മണ്ഡുവിലെ നിശാക്ലബിൽ ആഘോഷിക്കുന്നത് കോൺഗ്രസിന് നാണക്കേടായി.
രാജസ്ഥാനിൽ വർഗീയ സംഘർഷമുണ്ടായ ദിവസമാണ് ദൃശ്യം പുറത്തുവന്നത്. ബിജെപി ഐടി സെൽ ചുമതലക്കാരനായ അമിത് മാളവ്യയാണ് ആദ്യം ദൃശ്യം പങ്കുവച്ചത്. പ്രതിസന്ധി ഘട്ടത്തിൽ നയിക്കാതെ വിദേശത്ത് പോകുന്ന രാഹുലിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാണ്.
ദൃശ്യം വൈറലായതോടെ മറുപടിയുമായി കോൺഗ്രസ് രംഗത്തുവന്നു. മാധ്യമപ്രവർത്തകയായ സുഹൃത്തിന്റെ വിവാഹത്തിനാണ് രാഹുൽ പോയതെന്ന് വക്താവ് രൺദീപ് സിങ് സുർജെവാല പറഞ്ഞു. സിഎൻഎൻ റിപ്പോർട്ടറായ നേപ്പാൾ സ്വദേശിനി സുംനിമ ഉദാസിന്റെ വിവാഹത്തിനാണ് രാഹുൽ പോയത്.
ഏപ്രിൽ 17–-18 ദിവസങ്ങളിലാണ് രാഹുൽ കാഠ്‌മണ്ഡുവിൽ ഉണ്ടായിരുന്നത്. പ്രശാന്ത് കിഷോറുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയ ഘട്ടമായിരുന്നു ഇത്.പ്രശാന്ത് പിന്നീട് കോൺഗ്രസ് ക്ഷണം നിരസിച്ചു. 2015ൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ 57 ദിവസം രാഹുൽ വിദേശത്തായിരുന്നു. അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനുമുമ്പായി പുതുവർഷം ആഘോഷിക്കാനായി രാഹുൽ ദിവസങ്ങളോളം വിദേശത്തായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..