25 November Monday

ദുരിതക്കയത്തിൽ ഗുജറാത്ത്‌ ഭക്ഷണവും വെള്ളവുമില്ല

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

വഡോദര>‘‘ഞങ്ങൾക്ക്‌ പുറത്തുപോകാനാവുന്നില്ല. ഭക്ഷണവും വെള്ളവുമില്ല. കിടപ്പുരോഗിയായ അച്ഛനും കുട്ടികളുമടക്കം പട്ടിണിയാണ്‌. എന്ത്‌ ചെയ്യണമെന്നറിയില്ല. ആരും തിരിഞ്ഞുനോക്കുന്നില്ല’’–- കനത്ത മഴയിൽ വെള്ളക്കെട്ടിലായ വഡോദരയിലെ വീട്ടമ്മ കാജൽ ദേശീയ മാധ്യമത്തോട്‌ പറഞ്ഞതാണിത്‌. രണ്ടുനാളായി കനത്ത മഴ തുടരുന്ന വഡോദരയിലെ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്‌. പ്രതികൂല സാഹചര്യത്തിൽ കാര്യക്ഷമമായ രക്ഷാപ്രവർത്തനം നടത്താതെ സൈന്യത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ ഒഴിഞ്ഞുമാറുകയാണ്‌ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ. രണ്ട്‌ ദിവസമായിട്ടും ദുരിതബാധിതരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റാനോ ഭക്ഷണമോ വെള്ളമോ എത്തിക്കാനോ കഴിഞ്ഞിട്ടില്ല.

വീടിന് പുറത്തുള്ള ശുചിമുറിയിലെത്താൻ വെള്ളം നീന്തിക്കയറണമെന്ന്‌ മറ്റൊരു വീട്ടമ്മ പറഞ്ഞു. പ്രായമായവരെ മുതുകിൽ ചുമന്നാണ്‌ ശുചിമുറിയിലടക്കം എത്തിക്കുന്നത്‌. വീടുകളിലെല്ലാം വെള്ളം കയറി.  
വഡോദരയിലെ ചിലയിടങ്ങളിൽ 10 മുതൽ 12 അടി വരെ വെള്ളം കയറിയതായി ഗുജറാത്ത്‌ ആരോഗ്യമന്ത്രി ഋഷികേശ്‌ പട്ടേൽ പറഞ്ഞു. പ്രാദേശിക സർക്കാരുകളുടെ നേതൃത്വത്തിൽ അയ്യായിരത്തോളം പേരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റിയതായും അദ്ദേഹം പറഞ്ഞു. പ്രളയജലം നർമദ കനാലിലേക്ക്‌ തിരിച്ചുവിടാനാണ്‌ ശ്രമമെന്ന്‌ മന്ത്രി പറഞ്ഞു.

മഴക്കെടുതിയില്‍ 16 മരണം
ഗാന്ധിനഗർ > ഗുജറാത്തിൽ മഴക്കെടുതിയിൽ ചൊവ്വാഴ്‌ച ഒമ്പതുപേർ മരിച്ചു. ഏഴുപേർ ഭിത്തികൾ ഇടിഞ്ഞുവീണും രണ്ടുപേർ മുങ്ങിയുമാണ്‌ മരിച്ചത്‌. ഇതോടെ രണ്ട്‌ ദിവസത്തിനിടെ മഴക്കെടുതിയില്‍ മരണം 16 ആയി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്‌. വഡോദര, ഖേഡ, നവസാരി മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷം. ദേശീയ ദുരന്തനിവരാണ സേനയും വ്യോമസേനയും തീരസംരക്ഷണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. 8500 പേരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. റോഡ്‌, ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

രാജസ്ഥാനിലും 
മഴ ശക്തം

രാജസ്ഥാനിൽ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ശക്തമാകുന്നു. മൗണ്ട്‌ അബു, ഗംഗാനഗർ, സിരോഹി എന്നിവിടങ്ങളിലാണ്‌ കൂടിയ അളവിൽ മഴ റിപ്പോർട്ട്‌ ചെയ്തത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top