22 December Sunday

മുരളി ചീരോത്തിന് രാജാ രവിവർമ്മ സമ്മാൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

മുരളി ചീരോത്ത്

ന്യൂഡൽഹി > രാജസ്ഥാൻ ആസ്ഥാനമായുള്ള മേഘ് മണ്ഡൽ സൻസ്ഥാൻ നൽകുന്ന ഈ വർഷത്തെ രാജാ രവിവർമ്മ സമ്മാൻ കേരള ലളിതകലാ അക്കാദമി ചെയർപേഴ്സണും പ്രശസ്ത വിഷ്വൽ ആർട്ടിസ്റ്റുമായ മുരളി ചീരോത്ത് അടക്കം എട്ടു പേർക്ക് സമ്മാനിക്കും. ജതിൻ ദാസ്, ജി ആർ ഇറണ്ണ, ബിമൻ ബിഹാരി ദാസ്, പ്രതുൽ ദാഷ്, നൈന ദലാൽ, ഫർഹാദ് ഹുസൈൻ, ജയ് പ്രകാശ് എന്നിവരാണ് ഈ പുരസ്‌കാരം നേടിയ മറ്റ് കലാകാരർ എന്ന് മേഘ് മണ്ഡൽ സൻസ്ഥാൻ അറിയിച്ചു. സമകാലീന ഇന്ത്യൻ ദൃശ്യകലയ്ക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് ഇവർക്ക് പുരസ്‌കാരം നൽകുന്നത്.

ന്യൂഡൽഹിയിലെ ലോധി റോഡിലുള്ള ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലെ സ്റ്റെയിൻ ഓഡിറ്റോറിയത്തിൽ നവംബർ 4 തിങ്കളാഴ്ച 3 മണിക്ക് നടക്കുന്ന ഏഴാമത് രാജാരവിവർമ്മ ചിത്രകാർ സമ്മാൻ സമാരോഹ്-ചിത്രാഞ്ജലി 2024ൽ വെച്ച് പുരസ്‌കാരങ്ങൾ സമർപ്പിക്കുമെന്ന് മേഘ് മണ്ഡൽ സൻസ്ഥാൻ സെക്രട്ടറി വിംലേഷ് ബ്രിജ്വാൾ പറഞ്ഞു.

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ജി സി മുർമു ചടങ്ങിൽ മുഖ്യാതിഥിയായിരിയ്ക്കും. പാർലമെന്റംഗം ആർ പി എൻ സിംഗ്, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ഡയറക്ടർ ജനറൽ സഞ്ജീവ് കിഷോർ ഗൗതം എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. നടനും എഴുത്തുകാരനും സംവിധായകനുമായ മകരന്ദ് ദേശ്പാണ്ഡെ, കിളിമാനൂർ കൊട്ടാരത്തിലെ രാമവർമ്മ തമ്പുരാൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖരും പങ്കെടുക്കും.

തൃശൂർ ജില്ലയിലെ മുല്ലശ്ശേരിയിൽ ജനിച്ച മുരളി ചീരോത്ത് തൃശൂരിലെ കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ കലാപഠനത്തിനു ശേഷം ശാന്തിനികേതനിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ദൃശ്യകലാരംഗത്ത് സജീവമാകുന്നത്. കലാകാരൻ, ആക്ടിവിസ്റ്റ്, കലാദ്ധ്യാപകൻ എന്നീ നിലകളിലും പ്രശസ്തനായ മുരളി ചീരോത്ത് നിലവിൽ കേരള ലളിതകലാ അക്കാദമി ചെയർപേഴ്സനാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ചിത്രപ്രദർശനങ്ങൾ നടത്തുകയും ക്യൂറേറ്റ് ചെയ്യുകയും ചെയ്ത മുരളിക്ക് കേരള ലളിതകലാ അക്കാദമി അവാർഡ്, കനോരിയ സ്‌കോളർഷിപ്പ്, സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളർഷിപ്പ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

രാജസ്ഥാൻ ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ മേഘ് മണ്ഡൽ  സൻസ്ഥാൻ, ഇന്ത്യൻ കല, സംസ്കാരം, പാരമ്പര്യങ്ങൾ എന്നിവ പരിരക്ഷിക്കുന്നതിനായി പ്രവർത്തിയ്ക്കുന്ന സംഘടനയാണ്. ഇന്ത്യയിലെ പ്രഥമ ആധുനിക കലാകാരനായി കണക്കാക്കപ്പെടുന്ന രാജാ രവിവർമ്മയുടെ സർഗ്ഗലോകത്തെയും കലയിലും സംസ്കാരത്തിലും അദ്ദേഹം നൽകിയ സംഭാവനകളെയും അദ്ദേഹത്തിന്റെ പാരമ്പര്യത്തെയും ആദരിക്കുന്നതാണ് രാജാ രവിവർമ്മ ചിത്രകാർ സമ്മാൻ സമാരോഹ് എന്ന് സംഘാടകർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top