21 November Thursday

രാജസ്ഥാനിൽ സമവായം: ഗെലോട്ടും സച്ചിനും 
തട്ടകത്തിൽ 
മത്സരിക്കും

സ്വന്തം ലേഖകൻUpdated: Sunday Oct 22, 2023

ന്യൂഡൽഹി
സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാകാതെ കുഴങ്ങിയ രാജസ്ഥാൻ കോൺഗ്രസിൽ ഒടുവിൽ സമവായം. 200 അംഗ സഭയിലേക്ക്‌ 33 പേരുടെ ആദ്യപട്ടിക പുറത്തുവിട്ടു. അഞ്ചു മന്ത്രിമാരടക്കം 29 പേർ സിറ്റിങ്‌ എംഎൽഎമാരാണ്‌. മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ തട്ടകമായ സർദാർപുരിൽനിന്ന്‌ ജനവിധി തേടും.

ഇടഞ്ഞുനിൽക്കുന്ന മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്‌ ടോങ്കിൽത്തന്നെ മത്സരിക്കും. സ്‌പീക്കർ സി പി ജോഷി നദ്‌വാരയിൽ മത്സരിക്കും.
കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ്‌ ദോട്ടസാരയ്ക്കാണ്‌ ലക്ഷ്മൺഗഡ്‌ ടിക്കറ്റ്‌. ബ്രാഹ്മണൻ, രജപുത്രൻ, ജാട്ട്, ഗുജ്ജർ തുടങ്ങി ജാതിസമവാക്യങ്ങൾ അനുസരിച്ചാണ്‌ പട്ടിക. എംഎൽഎയായ ഒളിമ്പ്യൻ കൃഷ്ണ പൂനിയ (സാദുൽപുർ) വീണ്ടും മത്സരിക്കും.

ആദ്യ പട്ടികയിലെ നാലുപേർ 2018ൽ ബിജെപിയോട്‌ പരാജയപ്പെട്ടവരാണ്‌. സച്ചിൻ ക്യാമ്പിലെ ഒമ്പതു പേർക്ക്‌ സീറ്റുണ്ട്‌. 2020ൽ ഗെലോട്ടിനെതിരെ കലാപക്കൊടി ഉയർത്തിയ ഇന്ദ്രജ് സിങ്‌ ഗുർജാർ (വിരാട് നഗർ), മുകേഷ് ഭഖർ (ലാഡ്‌നൂൻ), രാംനിവാസ് ഗവാരിയ (പർബത്‌സർ) എന്നിവരുമുണ്ട്‌. 2018ൽ ബിഎസ്‌പി സ്ഥാനാർഥിയായി മുണ്ട്‌വാർ സീറ്റിൽ പരാജയപ്പെട്ട ലളിത് കുമാർ യാദവിനും ടിക്കറ്റ്‌ നൽകി. ഒമ്പതു വനിതകളും പട്ടികയിലുണ്ട്‌. ഗെലോട്ടും സച്ചിനുമായി ഡൽഹിയിൽ മണിക്കൂറുകൾ ചർച്ച നടത്തിയശേഷമാണ്‌ ആദ്യ പട്ടിക പുറത്തിറക്കാൻ കോൺഗ്രസിനായത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top