ജയ്പൂർ > സർക്കാർ കോളേജിന്റെ ഗേറ്റുകൾ കാവി നിറമടിക്കാൻ രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവ്. വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാനാണ് മാറ്റത്തിന് നിർദേശം നൽകിയതെന്നാണ് സർക്കാരിന്റെ വിശദീകരണം. പെയിന്റടിച്ചശേഷം കോളേജുകൾ കവാടത്തിന്റെ ചിത്രങ്ങളെടുത്ത് അയക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
'കോളേജിൽ പ്രവേശിക്കുമ്പോൾ തന്നെ വിദ്യാർഥികൾക്ക് പോസിറ്റീവ് ആയി തോന്നുകയും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നല്ല സന്ദേശം സമൂഹത്തിന് നൽകുകയും ചെയ്യുന്ന തരത്തിലായിരിക്കണം കോളേജുകളുടെ വിദ്യാഭ്യാസ അന്തരീക്ഷവും സാഹചര്യവും. അതിനാൽ കോളേജുകളെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് കോളേജ് എജ്യുക്കേഷൻ പ്രസ്താവനയിൽ പറയുന്നു.
ആദ്യ ഘട്ടത്തിൽ പത്ത് ഡിവിഷനുകളിലെ ഇരുപത് കോളേജുകളുടെ കവാടത്തിന് കാവി നിറമടിയ്ക്കാനാണ് ഡിപ്പാർട്ട്മെന്റ് ഓഫ് കോളേജ് എജ്യുക്കേഷൻ തീരുമാനിച്ചിരിക്കുന്നത്. രാജസ്ഥാൻ സർക്കാരിന്റെ കായകല്‍പ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ കോളേജ് കവാടങ്ങളുടെ കാവിവത്കരണത്തിനെതിരെ ഇതിനകം തന്നെ രൂക്ഷവിമർശനങ്ങളുയർന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..