ജയ്പൂര്‍> രാജസ്ഥാനില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടന്ന ഓപ്പൺ സ്‌കൂൾ പരീക്ഷയ്ക്കിടെ വ്യാപക തട്ടിപ്പ്. ഉത്തരങ്ങൾ ബോർഡിൽ എഴുതിക്കൊടുത്താണ് അധ്യാപകർ പരീക്ഷയിൽ ക്രമക്കേട് നടത്തിയത്. വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസ് സ്ക്വാഡാണ് ക്രമക്കേട് കണ്ടെത്തിയത്. ദേചുവിലെ കോലുഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
പരീക്ഷകളിൽ വ്യാപകമായി ക്രമക്കേട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഫ്‌ളയിങ് സ്‌ക്വാഡ് പരിശോന നടത്തിയത്. സംഘം കോലുഗ്രാമത്തില സ്‌കൂളിലെത്തിയപ്പോള്‍ ഗേറ്റ് അകത്ത് നിന്നു പൂട്ടിയ നിലയില്‍ കണ്ടെത്തി. തുടർന്ന് വിജിലന്‍സ് സംഘം മതില്‍ ചാടി അകത്തു കടന്നപ്പോൾ അധ്യാപകര്‍ ഉത്തരങ്ങള്‍ ബോര്‍ഡില്‍ എഴുതികൊടുക്കുകയും കുട്ടികള്‍ പരീക്ഷാപേപ്പറില്‍ പകര്‍ത്തുന്നതുമാണ് കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ വിജിലന്‍സ് സംഘം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
ഇതുകൂടാതെ വിദ്യാർത്ഥികളുടെ പക്കൽനിന്ന് പണവും സ്ക്വാഡ് കണ്ടെത്തി. ഒരു വിദ്യാർത്ഥിയുടെ കയ്യിൽ 2,100 രൂപ ഉണ്ടായിരുന്നുവെന്നും അതിൽ 2,000 രൂപ അധ്യാപകർക്ക് നൽകാൻ വേണ്ടിയാണെന്ന് കുട്ടികൾ സമ്മതിച്ചതായും ഫ്‌ളയിങ് സ്‌ക്വാഡിന് നേതൃത്വം നല്‍കിയ നിഷി ജെയിന്‍ പറഞ്ഞു. സംഭവത്തിൽ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചു. പ്രിൻസിപ്പൽ രാജേന്ദ്ര സിംഗ് ചൗഹാൻ ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..