ന്യൂഡൽഹി
‘മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാനിറങ്ങിയ’ കോൺഗ്രസിന്റെ സംസ്ഥാന ചുമതലക്കാരനായ രമേശ് ചെന്നിത്തല ഫലം പുറത്തുവന്നതോടെ പരിഹാസ്യനായി. മഹാരാഷ്ട്രയുടെ ചുമതലയുള്ള പ്രവർത്തകസമിതി അംഗമെന്ന നിലയിൽ ചെന്നിത്തല 10 മാസം അവിടെ ‘നങ്കൂരമിട്ട്’ നടത്തിയ പരിശ്രമങ്ങളെ പ്രശംസിക്കുന്ന മനോരമ വാർത്ത ഫലം വന്നതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഹരിയാനയിലെ തോൽവിയുടെ പാഠത്തിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിൽ തന്ത്രങ്ങൾ ഉണ്ടാക്കിയെന്ന് മനോരമയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ചെന്നിത്തല അവകാശപ്പെട്ടിരുന്നു. മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഫലപ്രഖ്യാപനത്തിനുശേഷം സമവായമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിയെ അസാമാന്യ നേതൃശേഷിയോടെ കോർത്തിണക്കാൻ ചെന്നിത്തലയ്‌ക്ക് കഴിഞ്ഞതായി മനോരമ ലേഖകനും എഴുതിപ്പിടിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്‌ബുക്ക് പേജിലും പരിഹാസ കമന്റുകൾ നിറഞ്ഞു. പ്രിയങ്ക ഗാന്ധിയെ അഭിനന്ദിച്ചുള്ള ചെന്നിത്തലയുടെ പോസ്റ്റിന് അടിയിൽ–- ‘മഹാരാഷ്ട്രയിൽ നമ്മുടെ സർക്കാർ എപ്പോൾ സത്യപ്രതിജ്ഞ ചെയ്യും?’, ‘പ്രിയങ്കയോട് ധൈര്യമുണ്ടെങ്കിൽ മഹാരാഷ്ട്രയിൽ മത്സരിക്കാൻ പറയൂ...’ എന്നിങ്ങനെ കമന്റുകളുടെ ചാകരയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..