റൂർക്കേല > ലൈംഗികപീഡനക്കേസിൽ ജയിലിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ കൊലപ്പെടുത്തി. മൃതദേഹം കഷ്ണങ്ങളാക്കി നദിയിൽ ഉപേക്ഷിച്ചു. റൂർക്കേലയിലാണ് ക്രൂര കൃത്യം നടന്നത്. 24കാരനായ കുനു കിഷനാണ് 18കാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കിയത്. ശേഷം മൃതദേഹ ഭാഗങ്ങൾ ബ്രാഹ്മണി നദിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് ജാർസുഗുഡ പൊലീസും ഫോറൻസിക് ടീമും ഒഡിഷ ഡിസാസ്റ്റർ റാപിഡ് ആക്ഷൻ ഫോഴ്സും ചേർന്ന് താർക്കെര പമ്പ് ഹൗസിന്റെ സമീപത്തുനിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന്റെ തല കണ്ടെത്തിയിട്ടില്ല.
ജാർസുഗുഡയിൽ നിന്നാണ് അക്രമി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ശേഷം ലതികാത പൊലീസ് സ്റ്റേഷൻ പരിധിയിലെത്തിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം ആഗസ്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് 3 മാസത്തിനു ശേഷം ഇടക്കാല ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് കോടതിയിൽ ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ജാർസുഗുഡയിൽ ബന്ധുവിനൊപ്പം താമസിച്ച് ബ്യൂട്ടി പാർലറിൽ ജോലി ചെയ്തു വരികയായിരുന്നു ആക്രമിക്കപ്പെട്ട പെൺകുട്ടി. കാണാതായതിനെത്തുടർന്ന് ഈ മാസം 7ന് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തുനിന്ന് മൃതദേഹത്തിന്റെ പല ഭാഗങ്ങളും വസ്ത്രവും ചെരിപ്പും കൊലയ്ക്കുപയോഗിച്ച ആയുധവും കണ്ടെത്തി. രണ്ട് സ്ഥലങ്ങളിലായാണ് മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിച്ചത്. 2023 ആഗസ്തിലാണ് പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..