കൊൽക്കത്ത
പശ്ചിമബംഗാളിലെ ആര്‍ജി കര്‍ സര്‍ക്കാര്‍ മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം. ഡോക്ടറുടെ മൃതദേഹം കിടന്ന സെമിനാര്‍ റൂമിനോട് ചേര്‍ന്ന് ആശുപത്രി അധികൃതര്‍ നവീകരണ പ്രവര്‍ത്തനം തുടങ്ങി. മുറികളുടെ ചുമര്‍ പൊളിക്കുന്ന ദൃശ്യം പുറത്തുവന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തിനോട് ചേര്‍ന്ന് അടിയന്തരമായി നവീകരണം നടത്തുന്നത് തെളിവ് നശിപ്പിച്ച് യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിക്ക് മുന്നിൽ ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രതിഷേധിച്ചു.
അതിനിടെ, അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകനും സിവിക് വൊളന്റിയറുമായ സഞ്ജയ് റോയ് മാത്രമാണ് കൃത്യം ചെയ്തതെന്ന ബംഗാള്‍ പൊലീസിന്റെ വാദം സഹഡോക്ടര്‍മാരും യുവതിയുടെ കുടുംബവും തള്ളി. ഡോക്ടറുടെ ശരീരത്തിൽ 150 മില്ലിഗ്രാം ശുക്ലം കണ്ടെത്തിയത് കൃത്യത്തില്‍ ഒന്നിലേറെപേര്‍ ഉള്ളതിന് തെളിവാണെന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയിൽ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. ക്രൂരമായ പീഡനം നടന്നതിന് മറ്റുതെളിവുകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇത്രയധികം ശുക്ലം കണ്ടെത്തിയത് കൂട്ടബലാത്സംഗത്തിന്റെ വ്യക്തമായ സൂചനയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട ഡോ. സുബര്‍ണ ഗോസാമി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേസ് എറ്റെടുത്ത സിബിഐ ബുധനാഴ്ച കൊൽക്കത്തയിലെത്തി.
അറസ്റ്റിലായ സഞ്ജയ് റോയിയെ സിബിഐയ്ക്ക് കൈമാറി. ബംഗാളിൽ എല്ലാ മെഡിക്കൽ കോളേജുകളിലും ഡൽഹി ഉള്‍പ്പെടെ രാജ്യത്തെ വിവിധയിടങ്ങളിലും ഡോക്ടര്‍മാരുടെ പ്രതിഷേധം തുടരുകയാണ്. തൃണമൂലിലെ വനിതാ എംപിമാരുൾപ്പെടെയുള്ളവര്‍ വിഷയത്തിൽ ഗൗരവതരമായ ഇടപെടൽ നടത്താത്തതിൽ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..