29 September Sunday

ശാസ്‌ത്രപുരസ്‌കാരത്തിന്‌ അക്കാദമികമല്ലാത്ത മാനദണ്ഡം : പ്രതിഷേധ കത്തുമായി ശാസ്‌ത്രജ്ഞർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024


ന്യൂഡൽഹി
രാജ്യത്തെ ഉയര്‍ന്ന ശാസ്ത്രപുരസ്കാരമായ രാഷ്ട്രീയ വിജ്ഞാൻ പുരസ്കാര ജേതാക്കളെ നിശ്ചയിക്കുന്നതില്‍ അവസാനവാക്ക്‌ കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രിയുടെതാണെന്ന സ്ഥിതി ഞെട്ടിപ്പിക്കുന്നതാണെന്ന്‌ ശാസ്ത്രജ്ഞരും അക്കാദമിക വിദ​ഗ്ധരും. പുരസ്‌കാരം നിർണയിക്കുന്നതിൽ അക്കാദമികമല്ലാത്ത പരി​ഗണനകള്‍ കടന്നുവരുന്നത്‌ അംഗീകരിക്കാനാകില്ലെന്ന്‌ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. അജയ് സൂദിന് ശാസ്ത്രജ്ഞരും അക്കാദമിക് വിദ​ഗ്ധരുമായ 176 പേര്‍ കത്തയച്ചു. ഇത്തരം രീതികൾ ഇന്ത്യയുടെ ​ഗവേഷണ മേഖലയ്ക്ക് തിരിച്ചടിയാകും. രാഷ്ട്രീയ വിജ്ഞാൻ പുരസ്കാര കമ്മിറ്റി നല്‍കുന്ന ശുപാര്‍ശയില്‍ കേന്ദ്രമന്ത്രി അന്തിമ തീരുമാനമെടുക്കുന്നത് ശരിയല്ല. അന്തിമപട്ടികയില്‍ നിന്ന് ചില ശാസ്ത്രജ്ഞരെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കണം. മന്ത്രിയുടെ താത്പര്യത്തിനനുസരിച്ച് പേരുകള്‍ ഒഴിവാക്കുന്ന സാഹചര്യം കേട്ടുകേള്‍വിയില്ലാത്തതാണ്. സർക്കാരിന് ഇഷ്ടപ്പെടാത്ത അക്കാദമിക് വിദഗ്ധരെ അവാർഡുകളിൽ നിന്ന് മാത്രമല്ല, ശാസ്ത്ര ഗ്രാന്റുകൾ, റിക്രൂട്ട്‌മെന്റുകൾ, പ്രൊമോഷനുകൾ എന്നിവയിൽ നിന്ന് മാറ്റിനിർത്തിയേക്കാമെന്ന ഭീഷണി ഉണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.  പ്രമുഖ ശാസ്‌ത്ര സ്ഥാപനങ്ങളുടെ ഡയറക്‌ടറായ ശാന്തി സ്വരൂപ്‌ ഭട്‌നഗർ, കൊൽക്കത്ത ഐഐഎസ്‌ഇആറിന്റെ മുൻ ഡയറക്‌ടർ സുമിത്രോ ബാനർജി തുടങ്ങിയവരാണ്‌ കത്തിൽ ഒപ്പുവച്ചിരിക്കുന്നത്‌.

രാഷ്ട്രീയ വിജ്ഞാന്‍ പുരസ്കാരം നിശ്ചയിക്കുന്നതിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടി ഇത് രണ്ടാം തവണയാണ് ശാസ്ത്രജ്ഞരും അക്കാദമിക്‌ വിദ​ഗ്ധരും കത്ത് എഴുതുന്നത്. ഭീമ കൊറേ​ഗാവ്‌ നടപടികളെയും പൗരത്വഭേദ​ഗതി നിയമത്തേയും വിമര്‍ശിച്ച സുവ്രത് രാജു, പ്രതീക് ശര്‍മ്മ എന്നിവരെ വിദ്​ഗധ സമിതി ശുപാര്‍ശചെയ്ത അന്തിമ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top