മുംബൈ
ടാറ്റ വ്യവസായ സാമ്രാജ്യത്തെ നിയന്ത്രിക്കുന്ന ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാനായി രത്തൻ ടാറ്റയുടെ അര്‍ധസഹോദരൻ നോയൽ എൻ ടാറ്റയെ മുംബൈയിൽ ചേര്‍ന്ന ട്രസ്റ്റിമാരുടെ യോഗം തെരഞ്ഞെടുത്തു. ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസിൽ 66 ശതമാനം ഓഹരിയുള്ള സര്‍ ദോറാബ്‌ജി ടാറ്റ ട്രസ്‌റ്റ്, സര്‍ രത്തൻ ടാറ്റ ട്രസ്‌റ്റ് എന്നിവയുടെയും അനുബന്ധ ട്രസ്റ്റുകളുടെയും തലപ്പത്തേക്കാണ് നോയൽ ടാറ്റ എത്തുന്നത്. നിലവിലെ ട്രസ്റ്റിയാണ്. രത്തൻ ടാറ്റ പിൻഗാമിയെ നിർദേശിച്ചിട്ടില്ലാത്തതിനാലാണ് വെള്ളി രാവിലെ ബോർഡ് ഓഫ് ട്രസ്‌റ്റീസ് യോഗം ചേര്‍ന്നത്.
ടാറ്റ ഗ്രൂപ്പിനെ ആഗോളതലത്തിലേക്ക് ഉയര്‍ത്തിയ അന്തരിച്ച രത്തൻ ടാറ്റയുടെ പിൻഗാമിയായി എത്തുന്ന അറുപത്തേഴുകാരനായ നോയലിന് ടാറ്റ ഗ്രൂപ്പിൽ നാലുപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട്. ഐറിഷ് പൗരനാണ്. രത്തന്റെ പിതാവായ നവൽ എച്ച് ടാറ്റയുടെ രണ്ടാം ഭാര്യയും സ്വിറ്റ്സര്‍ലന്‍ഡുകാരിയുമായ സിമൊൻ ടാറ്റയുടെ മകനാണ്. യുകെയിലെ സസക്‍സ് സര്‍വകലാശാലയിൽ നിന്ന് വിദ്യാഭ്യാസം നേടി. 2012 –-17ൽ ടാറ്റ സൺസ് ചെയർമാനായിരുന്ന സൈറസ് മിസ്‌ത്രിയുടെ സഹോദരിയാണ് നോയലിന്റെ ഭാര്യ ആലു മിസ്ത്രി. ഇവരുടെ മക്കള്‍ ലിയോ, മായ, നെവിൽ എന്നിവര്‍ അഞ്ചു പ്രധാന ട്രസ്റ്റുകളിലെ ട്രസ്റ്റിമാരാണ്.
1999 മുതൽ ടാറ്റ ഗ്രൂപ്പിൽ പ്രവര്‍ത്തിക്കുന്ന നോയൽ റീട്ടെയിൽ വ്യാപാരമേഖലയിൽ ടാറ്റ ഗ്രൂപ്പിനെ നിര്‍ണായക ശക്തിയായി വളര്‍ത്തി. വെസ്റ്റ്സൈഡ്, സുഡിയോ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ട്രന്റ് ലിമിറ്റഡ്, വോള്‍ട്ടാസ്, ടാറ്റ ഇന്റര്‍നാഷണൽ, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോര്‍പറേഷൻ എന്നിവയുടെ ചെയര്‍മാനാണ്. ടാറ്റ സ്റ്റീൽ, ടൈറ്റാൻ എന്നിവയുടെ വൈസ് ചെയര്‍മാനുമാണ്. വെള്ളിയാഴ്ച ട്രസ്റ്റുകളുടെ സംയുക്ത യോഗം ചേര്‍ന്ന് രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്ന് പ്രത്യേകം ചേര്‍ന്ന് ഏകകണ്ഠമായി നോയൽ ടാറ്റയെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയാണെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു. രത്തൻ ടാറ്റയുടെ നേരനുജനായ ജിമ്മി ടാറ്റ വ്യവസായകാര്യങ്ങളിൽ ഇടപെടാൻ ഇഷ്‌ടപ്പെടാത്ത ആളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..