26 December Thursday

‘വോട്ട് പിടിക്കാൻ’ ഉന്നത ഉദ്യോഗസ്ഥർ: രഥയാത്രയുമായി മോഡി സര്‍ക്കാര്‍

സ്വന്തം ലേഖകൻUpdated: Sunday Oct 22, 2023


ന്യൂഡൽഹി
ലോക്‌സഭ തെരഞ്ഞെടുപ്പ്‌ അടുത്തുവരവെ മോദിസർക്കാർ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു. ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെട്ട ബിജെപി സർക്കാരിന്റെ അറ്റകൈ പ്രയോഗം എന്ന നിലയിലാണ്‌ നീക്കം. ‘വികസന നേട്ടങ്ങൾ’ രാജ്യമുടനീളം പ്രചരിപ്പിക്കാൻ നവംബർ മുതൽ അടുത്ത ജനുവരിവരെ നടത്തുന്ന രഥയാത്രയുടെ നടത്തിപ്പിനും മേൽനോട്ടത്തിനും സ്‌പെഷ്യൽ ഓഫീസർമാരായി കേന്ദ്രസർവീസിലെ ജോയിന്റ്‌ സെക്രട്ടറി/ ഡയറക്ടർ/ ഡെപ്യൂട്ടി സെക്രട്ടറിമാരെ നിയോഗിക്കും. 765 ജില്ലയിലെ 2.65 ലക്ഷം പഞ്ചായത്തുകളിലാണ്‌ യാത്ര.

സ്‌പെഷ്യൽ ഓഫീസർമാരാക്കാൻ ‘കാര്യപ്രാപ്‌തിയുള്ള’ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാനാണ്‌ ഓരോ വകുപ്പിനോടും നിർദേശിക്കുന്നത്‌. സർക്കാർ പരിപാടികളുടെ പ്രചാരണച്ചുമതല സാധാരണ പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോയ്‌ക്കാണ്‌. ഇപ്പോൾ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ അടക്കം പ്രചാരണച്ചുമതല നൽകുന്നത്‌ സംശയം ഉയർത്തുന്നു.

വൻതുക ചെലവിട്ടാണ്‌ മോദി സർക്കാർ വികസനയാത്ര നടത്തുന്നത്‌. ഗ്രാമങ്ങളിൽ യാത്രയ്‌ക്കായി 1500ലേറെ രഥങ്ങൾ ഒരുക്കി. ഓരോ രഥവും മൂന്നു പഞ്ചായത്ത്‌ ചുറ്റിയടിക്കും. നാലോ അഞ്ചോ സർക്കാർ ഉദ്യോഗസ്ഥരുമുണ്ടാകും. ജിപിഎസും ഡ്രോണും എൽഇഡി സ്‌ക്രീനുകൾ ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളുമുണ്ടാകും. പിഎം– -കിസാൻ, പിഎം–-മുദ്രാ യോജന, പിഎം–- ജൻധൻ യോജന, പിഎം–- ആവാസ്‌ യോജന, പിഎം– -വിശ്വകർമാ യോജന തുടങ്ങിയ പദ്ധതികൾ ഉയർത്തിക്കാണിക്കും. സെപ്‌തംബർ 23ന്‌ ഇതുസംബന്ധിച്ച്‌ പ്രധാനമന്ത്രി കാര്യാലയത്തിൽ യോഗം ചേർന്നിരുന്നു. അവധിയിൽ നാട്ടിലെത്തുന്ന സൈനികർ മോദിസർക്കാരിന്റെ നയങ്ങൾ നാട്ടുകാരോട്‌ വിശദീകരിച്ച്‌ അഭിപ്രായരൂപീകരണം നടത്തണമെന്ന കരസേനയുടെ വിവാദ ഉത്തരവിന്‌ പിന്നാലെയാണ്‌ പുതിയ നീക്കം. നാട്ടിൽനിന്ന്‌ തിരിച്ചെത്തിയാലുടൻ ഇതിന്റെ റിപ്പോർട്ട്‌ ബന്ധപ്പെട്ട സൈനിക ഉദ്യോഗസ്ഥർക്ക്‌ കൈമാറണം.

 പ്രതിരോധവകുപ്പിന്റെ ചെലവിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള 822 സെൽഫി പോയിന്റ്‌ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.
തെരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ മോദിസർക്കാർ കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ കക്ഷികൾക്കെതിരെ കെട്ടഴിച്ചുവിട്ടതിനു പുറമെ ഇത്തരം അധികാര ദുർവിനിയോഗങ്ങളും ആവർത്തിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top