മുംബൈ > റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു(ആർബിഐ) നേരെ ഭീഷണി ഫോൺകോൾ. ലഷ്‌കറെ തൊയ്‌ബയുടെ സിഇഒയാണെന്ന് പറഞ്ഞ് റിസർവ് ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിലേക്കാണ് ഭീഷണി കോൾ വന്നിരിക്കുന്നത്.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കസ്റ്റമർ കെയറിലേക്ക് കോൾ വന്നത്. “ഞാൻ ലഷ്‌കറെ തൊയ്‌ബയുടെ സിഇഒ ആണ്. ബാങ്ക് അടയ്ക്കുക, ഇലക്ട്രിക് കാർ അപകടത്തിൽ" എന്നായിരുന്നു ഭീഷണി കോൾ. തുടർന്ന് ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനോട് പോയി പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെയൊരു വാഹനം അവിടെ കണ്ടെത്താനായില്ലയെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ മാതാ രമാഭായി മാർഗ് പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഭീഷണി കോൾ ലഭിച്ചതിനെ തുടർന്ന് ആർബിഐ സുരക്ഷ ശക്തമാക്കി. മൊബൈൽ നമ്പർ ഉപയോഗിക്കുന്നയാളുടെ പേര് ട്രൂകോളറിൽ സഞ്ജീവ് കുമാർ എന്ന പേരിലാണ് സേവ് ചെയ്‌തിരിക്കുന്നത്. ഇയാൾക്കെതിരെ ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) സെക്ഷൻ 351(3), 351(4), 353(1)(ഇ), 353(2) എന്നിവ പ്രകാരം പൊലീസ് കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..