22 November Friday

റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു ; ഒമ്പതാംതവണയും റിപ്പോയില്‍ മാറ്റമില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024


കൊച്ചി
അടിസ്ഥാന പലിശനിരക്കുകളിൽ‍ മാറ്റമില്ലാതെ റിസർവ് ബാങ്ക്  2024–25 സാമ്പത്തികവർഷത്തെ മൂന്നാമത്തെ പണനയം പ്രഖ്യാപിച്ചു. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാലവായ്പയുടെ പലിശനിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. തുടർച്ചയായി ഒമ്പതാംതവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്.

രാജ്യത്ത് ഭക്ഷ്യോൽപ്പന്നവില ഉയർന്നുനിൽക്കുന്നതാണ് നിരക്കുമാറ്റാൻ തയ്യാറാകാത്തതിന് പ്രധാന കാരണം. ആറംഗ പണനയസമിതി യോഗത്തിൽ ‍ഗവർണർ ഉൾപ്പെടെ നാലുപേർ നിലവിലുള്ള നിരക്ക് തുടരണമെന്നും രണ്ടുപേർ 25 ബേസിസ് പോയിന്റ് (0.25 ശതമാനം) കുറയ്ക്കണമെന്നും ആവശ്യപ്പെട്ടെന്ന് പണനയ പ്രസ്താവനയിൽ പറഞ്ഞു.

ഭക്ഷ്യോൽപ്പന്ന, ഇന്ധന വിലകൾ കുത്തനെ ഉയർന്നതിലൂടെ ഉണ്ടായ പണപ്പെരുപ്പം കുറയ്ക്കാനെന്ന പേരിൽ 2022 മെയ് മുതൽ 2023 ഫെബ്രുവരിവരെ ആറുതവണയായി നിരക്ക് 2.5 ശതമാനമാണ് വർധിപ്പിച്ചത്. ഭവന, വാഹന, വ്യക്തിഗത വായ്പകൾ ഉൾപ്പെടെയുള്ള വായ്പകളെടുത്തവർക്ക് ഇത് വലിയ പലിശബാധ്യതയാണ് വരുത്തുന്നത്.

നടപ്പ്‌ സാമ്പത്തികവർഷം ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.5 ശതമാനമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. രണ്ടാംപാദത്തിലിത്‍ 3.8 ശതമാനമായി കുറയുമെന്നായിരുന്നു കഴിഞ്ഞ പണനയത്തിൽ പറഞ്ഞത്. പുതിയ നയത്തിൽ രണ്ടാംപാദ ഉപഭോക്തൃവില പണപ്പെരുപ്പം 4.4 ശതമാനമാകുമെന്നും മൂന്നാംപാദത്തിൽ 4.7 ശതമാനവും അവസാനപാദത്തിൽ 4.3 ശതമാനത്തിലേക്ക് എത്തുമെന്നും പറഞ്ഞു. 2024–-25 സാമ്പത്തികവർഷത്തെ ജിഡിപി വളർച്ച അനുമാനം 7.2 ശതമാനമായി നിലനിർത്തി. ഒന്നാംപാദത്തിലിത് 7.1 ശതമാനവും രണ്ടാംപാദത്തിൽ 7.2 ശതമാനവുമാകും. മൂന്ന്, നാല് പാദങ്ങളിൽ 7.3ഉം  7.2 ശതമാനവുമാകും. 2025–--26 സാമ്പത്തികവർഷം ഒന്നാംപാദത്തിലെ ജിഡിപി വളർച്ച 7.2 ശതമാനമായിരിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

5 ലക്ഷം വരെ  നികുതി 
യുപിഐ വഴി
യുപിഐ സംവിധാനത്തിലൂടെ നികുതി അടയ്ക്കുന്നതിനുള്ള പരിധി നിലവിലെ ഒരുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷമാക്കി ഉയർത്തുമെന്ന് ഗവർണർ പറഞ്ഞു. ഇത് നികുതിഅടവ് എളുപ്പമാക്കും. 2023 ഡിസംബറിൽ ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള യുപിഐ ഇടപാടുപരിധിയും ഒരുലക്ഷത്തിൽനിന്ന്‌ അഞ്ചുലക്ഷമാക്കി ഉയർത്തിയിരുന്നു.

വ്യാജ വായ്‌പ ആപ്പുകളെ 
നിയന്ത്രിക്കാൻ  സംവിധാനം

രാജ്യത്ത്‌ വ്യാപകമായി കൊണ്ടിരിക്കുന്ന വ്യാജ വായ്‌പ ആപ്പുകൾക്ക്‌ പരിഹാരമായി ഡിജിറ്റൽ വായ്‌പ ആപ്പുകളുടെ ശേഖരം നിർമിക്കുന്നത്‌ പരിഗണനയിലെന്ന്‌ റിസർവ്‌ ബാങ്ക്‌ ഗവർണർ ശക്തികാന്ത്‌ ദാസ്‌. കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിലൂടെ അനധികൃത വായ്‌പ ആപ്പുകളിൽ നിന്ന്‌ ഉപഭോക്താക്കളെ സംരക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top