23 December Monday

'ചേരികള്‍ ആരും കാണണ്ട'; ഇത്‌ ഗുജറാത്ത്‌ മോഡൽ വികസനം

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

ന്യൂഡൽഹി > യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ കാഴ്‌ചയിൽനിന്ന്‌ അഹമദാബാദിലെ ചേരിപ്രദേശം മറയ്‌‌ക്കുന്നതിന്‌ മതിൽ കെട്ടുന്ന നഗരസഭ നടപടിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധവും പരിഹാസവും ഉയർന്നു. ഫെബ്രുവരി 24 നാണ്‌ ട്രംപിന്റെ അഹമദാബാദ്‌ സന്ദർശനം. ഇതിന്‌ മുന്നോടിയായാണ്‌ ചേരിപ്രദേശം കാണാതിരിക്കുന്നതിനായി നാനൂറ്‌ മീറ്റർ നീളത്തിലും ഏഴടി ഉയരത്തിലുമായി മതിൽ ഉയർത്തുന്നത്‌.

അഹമദാബാദിൽ ട്രംപ്‌ സർദാർ വല്ലഭായ്‌ പട്ടേലിന്റെ പേരിലുള്ള മൊർട്ടേര ക്രിക്കറ്റ്‌ സ്‌റ്റേഡിയം ഉദ്‌ഘാടനംചെയ്യും. വിമാനത്താവളത്തിൽനിന്ന്‌ സ്‌റ്റേഡിയത്തിലേക്കുള്ള റോഡിനോട്‌ ചേർന്നാണ്‌ എണ്ണൂറോളം പേർ താമസിക്കുന്ന ചേരി. സുരക്ഷാകാരണങ്ങളാലാണ്‌ മതിൽ കെട്ടുന്നതെന്ന്‌ സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും ചേരി മറയ്‌‌‌ക്കുകയാണ്‌ ലക്ഷ്യമെന്ന്‌ കരാറുകാരൻ മാധ്യമങ്ങളോട്‌ പറഞ്ഞു.  ട്രംപിന്റെ വരവിന്‌ മുന്നോടിയായി മതിൽനിർമാണം പൂർത്തിയാക്കാൻ 150 തൊഴിലാളികളാണ്‌ പകൽ–- രാത്രി വ്യത്യാസമില്ലാതെ അധ്വാനിക്കുന്നത്‌.

സാമൂഹ്യമാധ്യമങ്ങളിലും മതിൽ നിർമാണത്തിനെതിരായി പരിഹാസം ഉയർന്നുകഴിഞ്ഞു. ബംഗാളിലെ ക്ഷാമകാലത്ത്‌ കഴ്‌‌സൺ പ്രഭു ട്രെയിനിൽ സഞ്ചരിച്ചപ്പോൾ മൃതദേഹങ്ങൾ മരച്ചില്ലകളിട്ട്‌ മൂടിയിരുന്നുവെന്നും അതേ അടിമ മനോഭാവമാണ്‌ ഇപ്പോഴും തുടരുന്നതെന്നും ട്വിറ്ററിൽ അഭിപ്രായമുയർന്നു. 2014ൽ ഷീ ജിൻപിങ്‌ അഹമദാബാദിൽ എത്തിയപ്പോഴും ചേരിപ്രദേശം തുണികെട്ടി മൂടിയിരുന്നു. ഇതാണോ ഗുജറാത്ത്‌ മോഡൽ വികസനമെന്ന ചോദ്യവുമുയരുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top