02 November Saturday
പത്രിക പിൻവലിക്കാൻ ഇനിയുള്ളത് രണ്ട് ദിവസം

കലങ്ങി മറിഞ്ഞ് മുന്നണികൾ; മഹാരാഷ്ട്രയിൽ കീഴടങ്ങാതെ വിമതപ്പട

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

  മുംബൈ> മഹാരാഷ്ട്ര സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 7,994 സ്ഥാനാർഥികൾ മത്സര രംഗത്ത്. പ്രമുഖ മുന്നണികളിൽ സീറ്റുവിഭജനം ഇപ്പോഴും കീറാമുട്ടിയായി തുടരുന്ന ചിത്രമാണ്. പ്രമുഖ പാർട്ടികൾ എല്ലാം വിമത ഭീഷണിയിലാണ്. പോരടിച്ച് പിളർന്ന നാല് പാർട്ടികളാണ് ഇരുമുന്നണികളിലായി വ്യത്യസ്ത പക്ഷങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ളത്.


 288 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി നവംബർ നാല് തിങ്കളാഴ്ചയാണ്. രണ്ടു ദിവസത്തിനകം വിമത തർക്കങ്ങൾ പരിഹരിച്ച് പ്രചാരണ രംഗത്ത് മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കണം.
74 സീറ്റുകളിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുമുട്ടുന്നു. ശിവസേനാ ഉദ്ധവ് വിഭാഗവും ഷിൻഡെ വിഭാഗവും 53 സീറ്റുകളിൽ മുഖാമുഖം വരുന്നു. എൻസിപി ശരദ് പവാർ വിഭാഗവും അജിത് പവാർ വിഭാഗവും 36 സീറ്റുകളിലും നേർക്കുനേർ എതിരിടുന്നു.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സീറ്റു നേടിയ കക്ഷി എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ബിജെപി തിരിച്ചടികളെ മറിടക്കാൻ കേന്ദ്ര ഭരണത്തിന്റെ സ്വാധീനം മുഴുവൻ ഉപയോഗിച്ച് രംഗത്തുണ്ട്. നവംബർ 20നാണ് പോളിങ്. 23ന് വോട്ടെണ്ണലും പ്രഖ്യാപിച്ചിട്ടുണ്ട്. 

     
സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ നിന്നും പോസ്റ്ററുകളിൽ നിന്നും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഫോട്ടോ ഒഴിവാക്കിയതിൽ തുടങ്ങി എൻഡിഎയിൽ അകത്ത് തന്നെ അഭിപ്രായ വ്യത്യാസം രൂപപ്പെട്ടിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ ചിത്രങ്ങളാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്.


വിമതരെ ഒതുക്കാനാവാതെ കലങ്ങി മറിഞ്ഞ് മത്സര രംഗത്തേക്ക്



ഇരുമുന്നണികളിൽ നിന്നും പിണങ്ങിപ്പിരിഞ്ഞ് 50 ൽ അധികം സ്ഥാനാർഥികൾ വിമതരായി മത്സര രംഗത്തുണ്ട്. ബിജെപി നയിക്കുന്ന മഹായുതിയിലാണ് ഏറെയും വിമതർ. 36 പേർ വിമത സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ തന്നെ 19 പേർ ബിജെപിയിൽ നിന്നാണ്. എംവിഎയിലെ 14 വിമതർ ചേർന്ന് നേതൃത്വത്തിനെ എതിരെ ആരോപണവുമായി ഡൽഹിയിൽ അമിത് ഷായെ കാണാൻ എത്തിയിരുന്നു.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയിൽ നിന്ന് മാത്രം 16 പേർ വിമത സ്ഥാനാർഥികളായുണ്ട്.


ശിവസേനകൾ നേർക്കു നേർ മത്സരിക്കുന്ന 53 സീറ്റിൽ 44-ഇടത്തും സിറ്റിങ് എം.എൽ.എ.മാരെയാണ് നിർത്തിയിട്ടുള്ളത്. 56 എംഎൽഎ മാരാണ് പിളർപ്പിന് മുമ്പ് ശിവസേനയ്ക്ക് സ്വന്തമായി ഉണ്ടായിരുന്നത്. ഇതിൽ  41 പേരെ ഷിന്ദേ പാർട്ടി പിളർത്തി ഒപ്പം കൊണ്ടു പോന്നു. ഉദ്ധവ് താക്കറെക്കൊപ്പം 15 പേരായിരുന്നു.
തനിക്കൊപ്പം നിന്ന 38 പേർക്കും സീറ്റ് നൽകാൻ ഷിന്ദേ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇതനുസരിച്ച് വിമത നീക്കവും അടിയൊഴുക്കായി.


എൻസിപിയുടെ സ്ഥിതിയും മറിച്ചല്ല. കാൽ നൂറ്റാണ്ട് നീണ്ട പാർട്ടി ചരിത്രത്തിലെ വലിയ പിളർപ്പ് നേരിട്ട ശേഷമുള്ള വലിയ ഏറ്റുമുട്ടലാണ്. ഇരു മുന്നണികളിൽ രണ്ട് ആശയപക്ഷങ്ങളിലാണ് പാർട്ടി ഇപ്പോഴുള്ളത്. ഭൂരിപക്ഷം എം.എൽ.എ.മാരും അജിത് പവാറിനൊപ്പം നിന്നു.


ലോക് സഭാ തെരഞ്ഞെടുപ്പിലെ വിജയമാണ് വോട്ടർമാർ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം പകർന്ന് ശരത് പവാർ പക്ഷത്തെ പഴയ ആത്മവിശ്വാസത്തിലേക്ക് തിരിച്ച് കൊണ്ടു വന്നത്. മത്സരിച്ച പത്ത് സീറ്റിൽ എട്ട് എണ്ണവും അനുകൂല ജനവിധി നേടിയെടുത്തത് വലിയ പിന്തുണയായിരുന്നു.


അജിത് പവാർ 35 സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നൽകിയപ്പോൾ  ശരദ് പവാർ 15 പേർക്കും സ്വന്തം മണ്ഡലങ്ങിളിൽ തന്നെ സ്ഥാനാർഥിത്വത്തിലൂടെ തുടരാനുള്ള അവസരം നൽകി. അജിത് പാവാറിന്റെ അനുജന്റെ മകനെ പോലും രംഗത്തിറക്കിയാണ് ശരദ് പവാർ എതിർ കരുക്കൾ നിരത്തിയിട്ടുള്ളത്.


പരസ്പരം പിരിഞ്ഞുള്ള വ്യത്യസ്ത മുന്നണി സമവാക്യങ്ങളുടെ കോലാഹലത്തിൽ പ്രചാരണ രംഗത്ത് തീപടരുമ്പോൾ  മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പ് ശ്രദ്ധ നേടുകയാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top