ന്യൂഡൽഹി
കുറഞ്ഞ വിലയ്‌ക്ക് വെനസ്വേലൻ അസംസ്‌കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുമ്പോഴും രാജ്യത്ത് ഇന്ധനവില കുറയുന്നില്ല. വെനസ്വേലൻ എണ്ണയുടെ ഭൂരിഭാഗവും ലഭിക്കുന്ന മുകേഷ് അംബാനിയുടെ റിലയൻസ് കമ്പനി, ഇത് ശുദ്ധീകരിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മറിച്ചുവിറ്റ് കൊള്ളലാഭം കൊയ്യുന്നു. ഇതുപോലെ തന്നെ റഷ്യയിൽനിന്ന് കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുന്ന അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് യൂറോപ്യൻ രാജ്യങ്ങൾക്ക് മറിച്ച് വിറ്റ് റിലയൻസ് അടക്കമുള്ള കമ്പനികൾ ലക്ഷം കോടിയാണ് കൊള്ളലാഭമുണ്ടാക്കുന്നത്.
ഉപരോധം നിലനില്‍ക്കെ വെനസ്വേലയിൽനിന്ന് അസംസ്‌കൃത എണ്ണ വാങ്ങാന്‍ അമേരിക്ക ജൂലൈയിൽ റിലയന്‍സിന് "അസാധാരണ' അനുമതി നൽകി. പിന്നാലെ സെപ്‌തംബർ രണ്ടാംവാരം 20 ലക്ഷം വീപ്പ അസംസ്‌കൃത എണ്ണ ഗുജറാത്ത് ജാംനഗറിലെ ശുദ്ധീകരണശാലയിൽ എത്തിയെന്ന് അന്താരാഷ്‌ട്ര വ്യാപാരം നിരീക്ഷിക്കുന്ന ‘കെപ്ലർ’ വെളിപ്പെടുത്തി.
വെനസ്വേലയിൽനിന്ന് പ്രതിദിനം ഇന്ത്യയിലെത്തുന്ന മൂന്നുലക്ഷം വീപ്പയിൽ 90 ശതമാനവും റിലയൻസിനാണ് ലഭിക്കുന്നത്. ഒരു വീപ്പയിൽ ശരാശരി 15–19 ഡോളറിന്റെ കൊള്ളലാഭമുണ്ടാകുന്നുവെന്നാണ് കേന്ദ്ര പെട്രോളിയം വകുപ്പിന്റെ കണക്ക്. വർഷം കുറഞ്ഞത് മൂന്ന് ബില്യൺ ഡോളറായി (25,200 ലക്ഷം കോടി രൂപ) റിലയന്‍സിന്റെ ലാഭം കുതിച്ചുകയറും. രാജ്യത്ത് ഇന്ധനവില താഴ്‌ത്തി ജനങ്ങള്‍ക്ക് ആശ്വാസം പകരാനായി ഈ അവസരം വിനിയോഗിക്കാതെ സ്വകാര്യ കുത്തകകളുടെ കൊള്ളലാഭത്തിന് കുടപിടിക്കുകയാണ് കേന്ദ്രം.
പൊതുമേഖല എണ്ണക്കമ്പനിയായ പെട്രോലിയോസ് ഡി വെനസ്വേല (പിഡിവിഎസ്എ) ആണ് റിലയൻസിന് എണ്ണ നൽകുന്നത്. നിക്കോളാസ് മഡൂറോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെതോടെ അമേരിക്ക ഈ വർഷം വീണ്ടും വെനസ്വേലൻ എണ്ണയ്‌ക്ക് ഉപരോധമേർപ്പെടുത്തി. പിന്നാലെ റിലയൻസടക്കമുള്ള ബഹുരാഷ്‌ട്ര കമ്പനികൾക്ക് ഏപ്രിലിൽ ഇറക്കുമതി നിർത്തേണ്ടിവന്നു. എന്നാല്‍, കഴിഞ്ഞ മെയിൽ റിലയൻസ് അമേരിക്കൻ ട്രഷറി വകുപ്പിന് അപേക്ഷനൽകിയതിന് പിന്നാലെ ജൂലൈയിൽ അനുമതി ലഭിച്ചു.
കഴിഞ്ഞ ആഴ്‌ച വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് നടത്തിയ ഇന്ത്യ സന്ദർശനത്തിൽ റിലയൻസ് മേധാവികളുമായും കൂടിക്കാഴ്‌ച നടത്തി. വെനസ്വേലയുമായുള്ള എണ്ണസഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്. നിലവിൽ ചൈനയ്‌ക്ക് ശേഷം വെനസ്വേലയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യവും ഇന്ത്യയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..