കരാഡ് (മഹാരാഷ്ട്ര) > ലഡ്‌കി ബഹിൻ പദ്ധതിയും മതധ്രുവീകരണവും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതിയുടെ വിജയത്തിൽ പങ്കുവഹിച്ചിട്ടുണ്ടെന്ന് എൻസിപി (എസ്‌പി) നേതാവ് ശരദ് പവാർ.
ശനിയാഴ്ച പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ച രീതിയിലല്ലെന്നും എന്നാൽ പാർടിയെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടപ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അക്കാര്യം താനും തന്റെ പാർടി സഹപ്രവർത്തകരും തീരുമാനിക്കുമെന്ന് പവാർ പറഞ്ഞു.
അജിത്‌പവാർ നേതൃത്വത്തിലുള്ള എൻസിപിക്ക് വോട്ടുകൂടാൻ ലഡ്കി ബഹിൻ പദ്ധതിയും മതധ്രുവീകരണവും കാരണമായി. സ്ത്രീകളുടെ വൻതോതിലുള്ള പങ്കാളിത്തം മഹാരാഷ്ട്രയിലെ മഹായുതിക്ക് വോട്ടു നേടിക്കൊടുത്തു. തീവ്രവർഗീയത ആളിക്കത്തിച്ച് മഹാരാഷ്‌ട്രയിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു ബിജെപി മുന്നണിയായ മഹായുതി. 288 നിയമസഭാ സീറ്റിൽ 234 സീറ്റും മഹായുതി നേടി. അഘാഡി 50ൽ ഒതുങ്ങി. മറ്റ് പാർടികൾക്ക് നാലു സീറ്റ്.
ബിജെപി 132 സീറ്റുകളും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 57 സീറ്റുകളും എൻസിപി 41 സീറ്റുകളും നേടി മഹായുതി വൻ വിജയം നേടി. വിപരീതമായി, പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 46 സീറ്റിൽ ഒതുങ്ങി. മത്സരിച്ച 102 സീറ്റിൽ കോൺഗ്രസ് ജയിച്ചത് 16 ഇടത്ത് മാത്രം. 92 സീറ്റിൽ മത്സരിച്ച ശിവസേന ഉദ്ധവ് വിഭാഗം 20 സീറ്റിലും 86 സീറ്റിൽ മത്സരിച്ച എൻസിപി ശരത് പവാർ വിഭാഗം 10 സീറ്റിലും ഒതുങ്ങി. സമാജ്‌വാദി പാർടി രണ്ട് സീറ്റിലും സിപിഐ എമ്മും വർക്കേഴ്‌സ് ആൻഡ് പെസന്റസ് പാർടിയും ഓരോ സീറ്റിലും ജയിച്ചു.
വോട്ടെടുപ്പ് ഫലം കണ്ട് ഞെട്ടിയോ എന്ന ചോദ്യത്തിന്, "ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു, ഇന്ന് ഞാൻ കാരാടിലാണ്, മനോവീര്യം നഷ്ടപ്പെട്ടവർ വീട്ടിൽ ഇരിക്കുമായിരുന്നു" എന്നായിരുന്നു ശരദ് പവാറിന്റെ മറുപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..