23 November Saturday

തെലുഗു സംസാരിക്കുന്നവർക്കെതിരെ അധിക്ഷേപ പരാമർശം; നടി കസ്തൂരിക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

ചെന്നൈ > തെലു​ഗു ഭാഷ സംസാരിക്കുന്നവരെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടി കസ്തൂരിക്കെതിരെ കേസ്. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഹിന്ദു മക്കൾ കക്ഷി  നടത്തിയ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു നടിയുടെ വിവാദ പരാമർശം.

ആൾ ഇന്ത്യ തെലു​ഗു ഫെഡറേഷൻ നേതാവ് സി എം കെ റെഡ്ഡി, സെക്രട്ടറി ആർ നന്ദ​ഗോപാൽ എന്നിവരുടെ പരാതിയിൽ ​ഗ്രേറ്റർ ചെന്നൈ പൊലീസാണ് കേസെടുത്തത്. തമിഴ്നാട്ടിലുള്ള തെലു​ഗു വംശജരെ അപമാനിച്ചുവെന്നാണ് കേസ്. ഇവിടെയുള്ള തെലു​ഗു സംസാരിക്കുന്ന വ്യക്തികൾ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നുണ്ടെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ വന്ന ബ്രാഹ്മണരെ തമിഴരായി അം​ഗീകരിക്കുന്നില്ലെന്നുമായിരുന്നു കസ്തൂരിയുടെ വിവാദ പരാമർശം. സ്ത്രീകളെ അപമാനിച്ചതായും പരാതിയുണ്ട്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി നടി രം​ഗത്തെത്തിയിരുന്നു. താൻ തെലു​ഗു സംസാരിക്കുന്ന എല്ലാവരെയും അപമാനിച്ചിട്ടില്ലെന്നും ചിലരെ മാത്രമാണ് ഉദ്ദേശിച്ചതെന്നുമായിരുന്നു നടിയുടെ വിശദീകരണം.  

ബിഎൻഎസിലെ സെക്ഷൻ 192 ( കലാപാഹ്വാനം), സെക്ഷൻ 196 (1)(A) മതത്തിന്റെയോ ഭാഷയുടേയോ പേരിൽ വിവിധ വിഭാ​ഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുക), 353 (1), 353 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top