30 October Wednesday

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന് ഇടക്കാല ജാമ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

ബം​ഗളൂരു > രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശന് ഇടക്കാല ജാമ്യം. ചികിത്സയ്ക്കായി ആറ് ആഴ്ചത്തേക്കാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കാലിന് ശസ്ത്രക്രിയ നടത്തണമെന്നു കാണിച്ചാണ് ദർശൻ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഡോക്ടർമാരുടെ റിപ്പോർട്ടും ഹാജരാക്കിയിരുന്നു. ഇത് പരി​ഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ആറാഴ്ചത്തേക്കാണ് ജാമ്യം.

​ദർശന്റെ ആരാധകനായ ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി രേ​ണു​കസ്വാ​മി​യെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊ​ല​പ്പെ​ടു​ത്തിയ ശേഷം കാ​മാ​ക്ഷി​പാ​ള​യി​ലെ മ​ലി​ന​ജ​ല ക​നാ​ലി​ൽ ത​ള്ളി​യെ​ന്ന കേ​സിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. ദർശന്റെ സുഹൃത്തായ നടി പവിത്ര ഗൗഡക്കെതിരെ സാമൂഹികമാധ്യമത്തിൽ അശ്ലീല കമന്റിട്ടതിനാണ് രേണുകസ്വാമിയെ നടൻ ദർശനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. നടൻ ദർശനും പവിത്ര ഗൗഡയും ഉൾപ്പെടെ ആകെ 17 പ്രതികളാണ് കൊലക്കേസിൽ അറസ്റ്റിലായത്.  

ദർശന്റെ നിർദേശപ്രകാരം കൊലയാളിസംഘം രേണുകാസ്വാമിയെ ചിത്രദുർഗയിൽനിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന് ശേഷം ബെംഗളൂരു പട്ടണഗരെയിലെ പാർക്കിങ് കേന്ദ്രത്തിലെത്തിച്ച് മർദിച്ച് കൊലപ്പെടുത്തി എന്നാണ് കണ്ടെത്തൽ. ജൂൺ ഒൻപതാം തീയതി പുലർച്ചെയാണ് രേണുകാ സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. കൊലക്കുറ്റം ഏറ്റെടുത്ത് മൂന്നുപേർ കാമാക്ഷിപാളയ പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നടൻ ദർശനും നടി പവിത്രയ്ക്കും കൃത്യത്തിൽ പങ്കുള്ളതായി കണ്ടെത്തിയത്. പിന്നാലെ ഇരുവരെയും മൈസൂരുവിലെ ഫാംഹൗസിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതിക്രൂരമായാണ് പ്രതികൾ യുവാവിനെ മർദിച്ചതെന്ന് കണ്ടെത്തി. നിരവധി തവണ ഷോക്കേൽപ്പിച്ചു. രേണുകാസ്വാമിയുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ഒരു ചെവി കാണാനില്ലായിരുന്നു. ക്രൂരമർദനത്തിൽ ജനനേന്ദ്രിയം തകർന്നു പോയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top